Uae
ഇന്ത്യന്‍ എയര്‍ലൈനറുകള്‍ വിമാനടിക്കറ്റ് നിരക്ക് കൂട്ടിത്തുടങ്ങി
അവധിക്ക് നാട്ടിലെത്തിയവരുടെ മടക്കയാത്ര മുന്നില്‍ കണ്ടു ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.
ദുബൈ | വേനലവധിക്ക് ശേഷം ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ ആഴ്ചകളിരിക്കെ ഇന്ത്യ -ഗള്‍ഫ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കൂട്ടിത്തുടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്-ദുബൈ റൂട്ടില്‍ ശരാശരി 10,000 രൂപക്ക് ടിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ 15000 രൂപക്ക് മുകളിലാണ്. അവധിക്ക് നാട്ടിലെത്തിയവരുടെ മടക്കയാത്ര മുന്നില്‍ കണ്ടു ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.
പ്രവാസികളും സ്വദേശികളും നീണ്ട വേനല്‍ അവധിക്ക് ശേഷം ഗള്‍ഫിലേക്ക് മടങ്ങുകയാണ്. ഈ മാസാവസാനം യു എ ഇ വിമാനക്കൂലി ഇരട്ടിയോളം വരും.ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ ആദ്യം വരെയുള്ള കാലയളവ് ചരിത്രപരമായി ഏറ്റവും ഉയര്‍ന്നതും ദൈര്‍ഘ്യമുള്ളതുമായ സീസണാണെന്നും വിമാനക്കമ്പനികള്‍ അത് മുതലെടുക്കുകയാണെന്നും ദേര ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് ഏജന്‍സി ജനറല്‍ മാനേജര്‍ ടി പി സുധീഷ് പറഞ്ഞു.
ഈ സീസണില്‍ വിതരണത്തിലും ആവശ്യകതയിലും വലിയ വ്യത്യാസമുണ്ട്. അതിനാല്‍, ഈ കാലയളവില്‍ വിമാന നിരക്കുകള്‍ കൂടും. എല്ലാ വാഹകര്‍ക്കും ആവശ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ സീസണ്‍ കൂടിയാണിത്. ഉദാഹരണത്തിന്, ഈദ് അവധിക്കാല തിരക്ക് മൂന്ന്-നാല് ദിവസത്തേക്കുള്ളതാണ്. ക്രിസ്മസ് യാത്ര ഒരു ആഴ്ചയിലേക്ക്. എന്നാല്‍ ഈ ട്രാവല്‍ സീസണ്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കും.’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിളെല്ലാം ഈ പ്രതിസന്ധിയുണ്ട്.സാധാരണയായി ആഗസ്റ്റ് മധ്യത്തോടെയാണ് യു എ ഇയിലെ പല കുടുംബങ്ങളും മാതൃരാജ്യത്തെത്തുന്നത്. മടങ്ങിയെത്തുന്നത്, ഉയര്‍ന്ന ഡിമാന്‍ഡിലേക്കും വിമാന നിരക്ക് കുത്തനെ ഉയരുന്നതിലേക്കും നയിക്കുന്നു. മിക്ക യു എ ഇ സ്‌കൂളുകളും ആഗസ്റ്റ് 26ന് വീണ്ടും തുറക്കും. കുടുംബങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മടങ്ങിവരാന്‍ പദ്ധതിയിടുന്നു. യു എ ഇയിലെ ജനസംഖ്യയുടെ പകുതിയിലധികവും ദക്ഷിണേഷ്യന്‍ പൗരന്മാരാണെന്നതിനാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ റൂട്ടുകളില്‍ വിമാനനിരക്കില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.
സ്‌കൂളിലേക്കുള്ള തിരക്കിനിടയില്‍ ഇന്ത്യന്‍ റൂട്ടുകളില്‍ വിമാന നിരക്ക് 50 ശതമാനത്തിലധികം വര്‍ധിച്ചു. കേരളത്തില്‍ നിന്നാണ് ഏറ്റവും നിരക്ക് ഈടാക്കുന്നത്. ക്രമാതീതമായ വര്‍ധനവാണ്. ഒരുതരം പക പോക്കല്‍ പോലെയാണ് കാണുന്നത്. കേന്ദ്രം ഇടപെടുന്നില്ല. എയര്‍ലൈനറുകള്‍ പലപ്പോഴും ഉയര്‍ന്ന ഡിമാന്‍ഡ് മുന്‍കൂട്ടിക്കണ്ട് നിരക്കുകള്‍ നിശ്ചയിക്കുന്നു. അഥവാ ആവശ്യക്കാര്‍ കുറേ ഉണ്ടെന്നു ഉറപ്പുവരുത്തിയിട്ടല്ല. പലപ്പോഴും വിമാനങ്ങളില്‍ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറുണ്ട്.
തിരക്കേറിയ യാത്രാവേളകളില്‍ വിവിധ പ്രദേശങ്ങളില്‍ വിമാനക്കൂലി കൂടുന്നുണ്ടെങ്കിലും, മടങ്ങിവരുന്ന പ്രവാസികളുടെ വന്‍തിരക്ക് കാരണം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി യാത്രാനിരക്കുകള്‍ ഇരട്ടിയോളം വര്‍ധിക്കുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മാത്രം പ്രതിഭാസം. നിരവധി യാത്രക്കാര്‍ റൗണ്ട് ട്രിപ്പുകള്‍ തിരഞ്ഞെടുക്കുകയും പീക്ക് പിരീഡുകള്‍ ഒഴിവാക്കാന്‍ യാത്രാ തീയതികള്‍ ക്രമീകരിക്കുകയും ചെയ്യുന്നത് വര്‍ധിച്ചിട്ടും ഇതാണ് സ്ഥിതി.