International
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടം പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ നിക്കി ഹാലി
റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് നിക്കി ഹാലി
വാഷിംഗ്ടൺ | 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോരാട്ടത്തിനൊരുങ്ങി ഇന്ത്യൻ വംശജയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നിക്കി ഹേലി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അവകാശവാദം ഉന്നയിച്ച് 51കാരിയായ നിക്കി രംഗത്ത് വന്നു. ഒരു വീഡിയോ സന്ദേശത്തിലാണ് താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുവെന്ന് അവർ അറിയിച്ചത്. ബുധനാഴ്ച സൗത്ത് കരോലിനയിലെ ചാൾസ്റ്റണിൽ നടക്കുന്ന പ്രസംഗത്തിൽ അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രൂപരേഖ അവതരിപ്പിക്കും.
പുതിയ തലമുറ നയിക്കേണ്ട സമയമാണിത്. രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും നമ്മുടെ അതിർത്തികൾ സംരക്ഷിക്കുകയും രാജ്യത്തെ കൂടുതൽ ശാക്തീകരിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ അഭിമാനവും ലക്ഷ്യവുമാണെന്ന് നിക്കി പറഞ്ഞു. ഇന്ത്യൻ കുടിയേറ്റ മാതാപിതാക്കളുടെ അഭിമാന മകളെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കി ഹേലി, സൗത്ത് കരോലിനയിലാണ് താൻ വളർന്നതെന്നും ശക്തവും അഭിമാനകരവുമായ അമേരിക്കയിൽ വിശ്വസിക്കുന്നതായും വീഡിയോയിൽ പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ കാലത്ത് ഹാലിയെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി നിയമിച്ചിരുന്നു. യുഎസ് ഭരണത്തിൽ കാബിനറ്റ് തലത്തിൽ നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ അമേരിക്കക്കാരിയായിരുന്നു അവർ.
ട്രെംപിനെ വെല്ലുവിളിക്കാൻ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ച റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ആദ്യ മത്സരാർത്ഥിയാണ് നിക്കി. ഇവരെ കൂടാതെ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ പ്രസിഡന്റ് മൈക്ക് പെൻസ്, സൗത്ത് കരോലിനയിൽ നിന്നുള്ള യുഎസ് സെനറ്റർ ടിം സ്കോട്ട്, ന്യൂ ഹാംഷെയറിൽ നിന്നുള്ള ഗവർണർ ക്രിസ് സുനുനു, മുൻ അർക്കൻസാസ് ഗവർണർ ആസാ ഹച്ചിൻസൺ എന്നിവരും മത്സരത്തിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
2024 നവംബർ 5 നാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.