International
ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിന് തൊട്ടടുത്തെത്തി
ബുധനാഴ്ച രാത്രി നടന്ന അഞ്ചാം റൗണ്ട് വോട്ടെടുപ്പിൽ സുനക്ക് 137 വോട്ടുകൾ നേടിയപ്പോൾ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 113 വോട്ടുകൾ ലഭിച്ചു. ഈ രണ്ട് സ്ഥാനാർത്ഥികളിൽ ആരെങ്കിലും ഒരാൾ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും. ഈ നേതാവായിരിക്കും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി.
ലണ്ടൻ | ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിന് ഒര ചുവട് മാത്രം അകലെയെത്തി. ബുധനാഴ്ച രാത്രി നടന്ന അഞ്ചാം റൗണ്ട് വോട്ടെടുപ്പിൽ സുനക്ക് 137 വോട്ടുകൾ നേടിയപ്പോൾ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 113 വോട്ടുകൾ ലഭിച്ചു. ഈ രണ്ട് സ്ഥാനാർത്ഥികളിൽ ആരെങ്കിലും ഒരാൾ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും. ഈ നേതാവായിരിക്കും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി. ഒക്ടോബറിൽ ബോറിസ് ജോൺസന്റെ പകരക്കാരനായി സുനക്ക് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
അഞ്ചാം റൗണ്ടിൽ ഋഷി സുനക്, ലിസ് ട്രസ്, പെന്നി മോർഡന്റ് എന്നിവർ തമ്മിലായിരുന്നു മത്സം. പെന്നിക്കാണ് ഏറ്റവും കുറവ് (105) വോട്ടുകൾ ലഭിച്ചത്. ഇതോടെ അവർ മത്സരത്തിൽ നിന്ന് പുറത്തായി. രണ്ട് വോട്ടുകൾ അസാധുവായി.
സെപ്തംബർ അഞ്ചിന് പാർട്ടിയിലെ രണ്ട് ലക്ഷത്തോളം അംഗങ്ങൾ പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്യും. അതിനുശേഷമേ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമാകൂ. ഇതിനുമുമ്പ്, ജൂലൈ 25 ന്, സുനക്കും ട്രസ്സും തമ്മിലുള്ള ടിവി സംവാദം നടക്കും. അതിന്റെ ഔപചാരിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.
ചൊവ്വാഴ്ച നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽ സുനക്ക് 118 വോട്ടും ട്രസിന് 86 വോട്ടും ലഭിച്ചു. ജൂലൈ 12നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആകെ 8 സ്ഥാനാർത്ഥികളാണ് ആ ഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്. ഇത് ഇപ്പോൾ രണ്ടായി ചുരുങ്ങി.
സെപ്റ്റംബറിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റ് വോട്ടിംഗിന് മുമ്പ് സുനക്കും
ട്രസും ബ്രിട്ടൻ മുഴുവൻ പര്യടനം നടത്തും. ഇതിനിടയിൽ തന്റെ നയവും മുൻഗണനയും പാർട്ടി അംഗങ്ങളെ അറിയിക്കും. കൺസർവേറ്റീവ് പാർട്ടിക്ക് രണ്ട് ലക്ഷത്തോളം അംഗങ്ങളുണ്ട്. യുകെയിലെ മൊത്തം ജനസംഖ്യയുടെ 0.3% ആണ് അവർ.
അവസാന റൗണ്ട് വിജയിച്ചുകയറുക അത്ര എളുപ്പമല്ലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. ‘ദി ഗാർഡിയൻ’ റിപ്പോർട്ട് അനുസരിച്ച്, കൊറോണ കാലഘട്ടത്തിൽ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ നാശത്തിൽ നിന്ന് രക്ഷിച്ചയാളാണ് സുനക്. ശാന്തപ്രകൃതക്കാരനായ സുനക് തീർച്ചയായും ബ്രിട്ടീഷുകാർക്ക് പ്രിയങ്കരനാണ്. പക്ഷേ ട്രസ് ഒട്ടും പിന്നിലല്ല എന്നത് മറക്കാനാകില്ല. യൂഗോവ് അടുത്തിടെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ ഒരു സർവേ നടത്തിയപ്പോൾ 54 പേർ ട്രസിന് അനുകൂലമായും 35 ശതമാനം പേർ സുനക്കിന് അനുകൂലമായുമാണ് വോട്ട് രേഖപ്പെടുത്തിയത്.
ജൂലൈ 7 ന് ബോറിസ് ജോൺസൺ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനം രാജിവെച്ചതോടെയാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഒക്ടോബർ വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും.