Kozhikode
വെല്ലുവിളികളെ ഇന്ത്യന്‍ ഭരണഘടന അതിജീവിക്കും: ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍
മര്‍കസ് ലോ കോളജിനായി പുതുതായി നിര്‍മിക്കുന്ന റിസര്‍ച്ച് ബ്ലോക്കിന്റെ ശിലാസ്ഥാപനവും കോണ്‍സ്റ്റിറ്റിയൂഷണല്‍ ചെയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞികൃഷ്ണന്‍.
നോളജ് സിറ്റി | വിവിധ കാലങ്ങളില്‍ ഉയര്‍ന്നു വരുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പ്രാപ്തമാണെന്ന് കേരള ഹൈക്കോടതി ജഡ്ജി പി വി കുഞ്ഞികൃഷ്ണന്‍. മര്‍കസ് നോളജ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്‍കസ് ലോ കോളജിനായി പുതുതായി നിര്‍മിക്കുന്ന റിസര്‍ച്ച് ബ്ലോക്കിന്റെ ശിലാ സ്ഥാപനവും കോണ്‍സ്റ്റിറ്റിയൂഷണല്‍ ചെയര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. വിവിധ കാലഘട്ടങ്ങളില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ഡോ: ബി ആര്‍ അംബേദ്കര്‍ ഭരണഘടന രൂപപ്പെടുത്തിയത്. എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണഘടന ലോകത്തിനു മുമ്പില്‍ അജയ്യമായി നില നില്‍ക്കുന്നതിന്റെ കാരണം അതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
സാമൂഹിക ജീവിതം അനുദിനം സങ്കീര്‍ണമാവുകയും സാങ്കേതികവിദ്യയില്‍ വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലത്ത് പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ നിയമ മേഖലയെ പര്യാപ്തമാക്കും വിധത്തിലുള്ള പുതിയ ഗവേഷണ പഠനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുന്നത്. സാമ്പ്രദായിക പഠന രീതികള്‍ക്ക് പകരം വിപുലവും വിശകലനപരവുമായ സോഷ്യോ ലീഗല്‍ സ്റ്റഡീസിന്റെ സാധ്യതകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. മാനവിക വിഷയങ്ങളിലെയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലെയും വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് നിയമ പഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കാനും കേന്ദ്രം ഉദ്ദേശിക്കുന്നു. കൊളോണിയല്‍ ഭരണ കാലത്ത് നിര്‍മിച്ച നിയമങ്ങളെ ആധുനിക ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കുന്ന വിധത്തില്‍ പുനര്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പഠന ഗവേഷണങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിക്കും.
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ: എ പി അബ്ദുല്‍ ഹകിം അസ്ഹരി അധ്യക്ഷത വഹിച്ചു. മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ അഞ്ജു എന്‍ പിള്ളൈ, നോളജ് സിറ്റി സി ഇ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍, ലോ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സി അബ്ദുല്‍ സമദ് പ്രസംഗിച്ചു.