Uae
ഇന്ത്യന്‍ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ പുതിയ കേന്ദ്രത്തില്‍
സ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ഓഫീസ് പ്രവര്‍ത്തിക്കില്ല.
ദുബൈ| ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ നടത്തുന്ന എസ് ജി, ഐ വി എസ് പുതിയ സ്ഥലത്തേക്ക് മാറുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍, ഊദ് മേത്തയിലെ അല്‍ നാസര്‍ സെന്‍ട്രലിലെ ഓഫീസ് നമ്പര്‍ 302, 104 ലേക്ക് കേന്ദ്രം മാറുമെന്ന് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു. അല്‍ നസ്ര്‍ ക്ലബ്ബിന്റെ അവസാനത്തില്‍, റൗണ്ട് എബൗട്ടിന്റെ ഇടതുവശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലംമാറ്റ നടപടികളുടെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ഓഫീസ് പ്രവര്‍ത്തിക്കില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.
ദുബൈയിലും നോര്‍ത്തേണ്‍ എമിറേറ്റ്‌സിലുമുള്ള ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി പുതിയതും വലുതുമായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ വ്യക്തമാക്കി. നിലവില്‍ 4,000 ചതുരശ്ര അടിയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പുതിയ കേന്ദ്രം 6,400 ചതുരശ്ര അടിയില്‍ ആയിരിക്കും. അപേക്ഷകര്‍ക്ക് ഇരിക്കാനും അവരുടെ ഊഴങ്ങള്‍ക്കായി കാത്തിരിക്കാനും മതിയായ സൗകര്യവും ഭാവിയില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും വേണ്ടിയാണ് മാറ്റമെന്ന് കോണ്‍സുലേറ്റിന്റെ പ്രസ് വിംഗിന്റെ വക്താവ് വ്യക്തമാക്കി.
പ്രതിദിനം ശരാശരി 250 അറ്റസ്റ്റേഷന്‍ സേവനങ്ങളാണ് കോണ്‍സുലേറ്റ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില ദിവസങ്ങളില്‍ എണ്ണം 400 വരെ ഉയരുന്നു. എല്ലാം പരമാവധി 48 മണിക്കൂറിനുള്ളില്‍ പ്രോസസ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. സാക്ഷ്യപ്പെടുത്തല്‍, സത്യവാങ്മൂലം, പവര്‍ ഓഫ് അറ്റോര്‍ണി, വില്‍, കമ്പനി രേഖ, സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരണം തുടങ്ങിയവ നിര്‍വഹിക്കുന്നു. എസ് ജി ഐ വി എസിന്റെ വെബ്‌സൈറ്റ് വഴിയുള്ള അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം അതേപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.