Uae
ഇന്ത്യൻ കോൺസുലേറ്റ് 15,000 പൊതുമാപ്പ് അപേക്ഷകർക്ക് സേവനം നൽകി
യു എ ഇയിൽ താമസം തുടരുന്ന പാസ്പോർട്ടുകളില്ലാത്തവർക്ക് ഹ്രസ്വ സാധുതയുള്ള പാസ്പോർട്ടുകൾ നൽകി.
ദുബൈ | വിസ നിയമ ലംഘകർക്കായി ഏർപ്പെടുത്തിയ പൊതുമാപ്പ് സേവനം തേടിയ 15,000-ത്തിലധികം ഇന്ത്യക്കാർക്ക് സൗകര്യമൊരുക്കിയതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇവരിൽ 2,117 പേർ രാജ്യത്ത് തുടരാൻ വിസ നേടി. 3,700 പേർ എക്സിറ്റ് പേപ്പർ നേടി രാജ്യം വിടാൻ തീരുമാനിച്ചു.
2024 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ആംനസ്റ്റി ഫെസിലിറ്റേഷൻ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെട്ടെന്ന് ഇന്ത്യൻ മിഷൻ വ്യക്തമാക്കി. ഈ പ്രവർത്തനത്തിൽ വിവിധ ഇന്ത്യൻ സംഘടനകളുടെ മികച്ച പങ്കാളിത്തം ലഭിച്ചു.
ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് കോൺസുലേറ്റിലും അൽ അവീർ ആംനസ്റ്റി സെന്ററിലും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിച്ചു. ഇവിടങ്ങളിലായി 2,117 പാസ്പോർട്ടുകൾ, 3,589 എമർജൻസി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ 15,000-ത്തിലധികം അന്വേഷകരെ പിന്തുണച്ചു. യു എ ഇ അധികാരികളിൽ നിന്ന് ഇളവുകൾ നേടുന്നതിനുള്ള മാർഗനിർദേശത്തിൽ നിന്ന് നിരവധി വ്യക്തികൾക്ക് പ്രയോജനം ലഭിച്ചുവെന്നും മിഷൻ പറഞ്ഞു.
യു എ ഇയിൽ താമസം തുടരുന്ന പാസ്പോർട്ടുകളില്ലാത്തവർക്ക് ഹ്രസ്വ സാധുതയുള്ള പാസ്പോർട്ടുകൾ നൽകി. പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒറ്റത്തവണ യാത്രാ രേഖയായ ഔട്ട്പാസ് എന്ന് അറിയപ്പെടുന്ന എമർജൻസി സർട്ടിഫിക്കറ്റ് നൽകി.
കോൺസുലേറ്റിലെ വിവിധ കൗണ്ടറുകൾ പാസ്‌പോർട്ട് റിപ്പോർട്ട്, തൊഴിൽ റദ്ദാക്കൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാങ്കേതിക ടിക്കറ്റ്, ഇമിഗ്രേഷൻ റദ്ദാക്കൽ, ഒന്നിലധികം യു ഐഡികൾ ലയിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ നൽകുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി.