Connect with us

Kuwait

പ്രവാസി നഴ്സുമാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

രാജ്യത്തെ ഇന്ത്യക്കാരായ എല്ലാ നഴ്സിംഗ്/ആരോഗ്യ ജീവനക്കാര്‍ക്കും കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) വിദേശകാര്യ മന്ത്രാലയം (MOFA) മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ഇന്ത്യന്‍ നഴ്സിംഗ് ജീവനക്കാര്‍ക്കായി ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ ഇന്ത്യക്കാരായ എല്ലാ നഴ്സിംഗ്/ആരോഗ്യ ജീവനക്കാര്‍ക്കും കുവൈത്ത് ആരോഗ്യ മന്ത്രാലയം (MOH) വിദേശകാര്യ മന്ത്രാലയം (MOFA) മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കുകയും ഇതിന്റെ ഇംഗ്‌ളീഷിലുള്ള പകര്‍പ്പ് കൈയില്‍ സൂക്ഷിക്കുകയും വേണം. ഇതോടൊപ്പം ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇവ സാക്ഷ്യപ്പെടുത്തുന്നത് ഉത്തമമായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് എംബസി പുറത്തിറക്കിയ മാര്‍ഗോപദേശത്തില്‍ പറയുന്നു.

നഴ്‌സിംഗ്, ആരോഗ്യ പ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. ആര്‍ട്ടിക്കിള്‍ 18 വിസയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അവരുടെ സിവില്‍ ഐ ഡിയിലും തൊഴില്‍ കരാറിലും സൂചിപ്പിച്ചിട്ടുള്ള പദവി പ്രകാരമുള്ള ചുമതല മാത്രമേ നിര്‍വഹിക്കാന്‍ പാടുള്ളൂ. മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ തൊഴിലുടമ നിര്‍ബന്ധിക്കുന്ന പക്ഷം പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറില്‍ (PAM) പരാതി നല്‍കേണ്ടതുമാണ്.

ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്/ക്ലിനിക്കിന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സാധുവായ ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഇതിനു പുറമെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും മാനവശേഷി സമിതിയില്‍ നിന്നും നഴ്‌സിംഗ് സ്റ്റാഫിനായി അനുവദിക്കപ്പെട്ട മതിയായ ക്വാട്ടയും ഉണ്ടെന്ന് ഉറപ്പ് വരുത്തണ്ടതാണ്.

അസിസ്റ്റന്റ് നഴ്സുമാര്‍ ഉള്‍പ്പെടെ കുവൈത്തിലെ നഴ്സിംഗ് മേഖലയില്‍ ഏതൊരു ജോലി ചെയ്യുന്നതിനും കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുവദിച്ച സാധുവായ നഴ്‌സിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. ഈ ലൈസന്‍സ് ഇല്ലാതെ നഴ്‌സിംഗുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നത് കുവൈത്ത് നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. പ്രൊഫഷനുമായി ബന്ധപ്പെട്ട ചുമതലകള്‍ മാത്രം നിര്‍വഹിക്കുവാനും അംഗീകൃതമല്ലാത്ത മറ്റേതെങ്കിലും ചുമതലകള്‍ നിര്‍വഹിക്കാന്‍ തൊഴിലുടമ നിര്‍ബന്ധിക്കുന്ന സാഹചര്യത്തില്‍ മാനവ ശേഷി സമിതിയില്‍ (PAM) പരാതി നല്‍കുവാനും എംബസിയുടെ 65501769 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴി സഹായം അഭ്യര്‍ഥിക്കാമെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

 

Latest