Connect with us

National

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ടന്‍ സുനില്‍ ഛേത്രി

ജൂണ്‍ ആറിന് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് വിരമിക്കാനാണ് താരത്തിന്റെ തീരുമാനം.

Published

|

Last Updated

മുംബൈ|വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍വച്ച് കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് വിരമിക്കാനാണ് താരത്തിന്റെ തീരുമാനം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2005 ജൂണ്‍ 12നായിരുന്നു ഛേത്രിഅന്താരാഷ്ട്ര ഫുട്ബാളില്‍ അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളില്‍ നിന്നായി ഛേത്രി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും പിന്നാലെ മൂന്നാമതാണ് താരം.

2008 ലെ എ.എഫ്.സി ചലഞ്ച് കപ്പ്, 2011, 2015 ലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, 2007, 2009, 2012 ലെ നെഹ്റു കപ്പ്, 2017 ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവയില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമായിരുന്നു താരം.  ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും നല്‍കി രാജ്യം  സുനില്‍ ഛേത്രിയെ ആദരിച്ചു.

 

 

 

Latest