Uae
ഇന്ത്യൻ സർക്കാർ പുതിയ നിർദേശം പുറത്തിറക്കി; പാസ്പോർട്ടിന് ജനന സർട്ടിഫിക്കറ്റ്
യു എ ഇയിൽ ജനിക്കുന്ന കുട്ടികൾക്കും ഇന്ത്യൻ താമസക്കാർക്കും പാസ്പോർട്ട് അപേക്ഷകൾ ഇന്ത്യൻ മിഷനുകൾ വഴി സമർപ്പിക്കാം

അബൂദബി| ഇന്ത്യൻ സർക്കാർ പാസ്പോർട്ട് അപേക്ഷാ പ്രക്രിയയിൽ പുതിയ അപ്ഡേറ്റ് പുറത്തിറക്കി. ഇതനുസരിച്ച് 2023 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ച വ്യക്തികൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനുള്ള തെളിവായി ജനന സർട്ടിഫിക്കറ്റ് മാത്രമേ ആവശ്യമുള്ളൂ. യു എ ഇയിലെ ഇന്ത്യൻ കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കുന്നതിന് മാതാപിതാക്കൾ ബന്ധപ്പെട്ട യു എ ഇ ആരോഗ്യ അധികാരികളിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് നേടുകയും സാക്ഷ്യപ്പെടുത്തുകയും വേണം.
സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റിനൊപ്പം, ഇന്ത്യൻ മിഷനുകളിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കൾ സ്വന്തം പാസ്പോർട്ട് പകർപ്പുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മറ്റ് രേഖകളും നൽകണം. യു എ ഇയിൽ ജനിക്കുന്ന കുട്ടികൾക്കും ഇന്ത്യൻ താമസക്കാർക്കും പാസ്പോർട്ട് അപേക്ഷകൾ ഇന്ത്യൻ മിഷനുകൾ വഴി സമർപ്പിക്കാൻ സാധിക്കും. യു എ ഇയിലെ ഔട്ട്സോഴ്സ് സേവന ദാതാവായ ബി എൽ എസ് ഇന്റർനാഷണൽ വഴിയാണ് ഈ പ്രക്രിയ പൂർത്തീകരിക്കേണ്ടത്.
2024-ൽ യു എ ഇയിൽ ജനിച്ച ഏകദേശം 19,300 ഇന്ത്യൻ കുട്ടികളുടെ ജനനങ്ങൾ രജിസ്റ്റർ ചെയ്തു. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് 13,900 രജിസ്‌ട്രേഷനുകളും അബൂദബിയിലെ എംബസി 5,400 രജിസ്‌ട്രേഷനുകളും കൈകാര്യം ചെയ്തു.