Connect with us

Aksharam Education

കാനേഷുമാരിയിലെ ഇന്ത്യന്‍ ചരിത്രം

ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറും.

Published

|

Last Updated

രാജ്യത്തെ ജനസംഖ്യാപരമായ വിശദവും ആധികാരികവുമായ വിവരങ്ങള്‍ ശേഖരിക്കുന്ന കണക്കെടുപ്പാണ് സെന്‍സസ് അഥവാ കാനേഷുമാരി. 1948ലെ സെന്‍സസ് ആക്ട് പ്രകാരം ഇന്ത്യയില്‍ പത്ത് വര്‍ഷം കൂടുന്‌പോഴാണ് സെന്‍സസ് നടത്തുക. സെന്‍സസ് ആക്ട് പ്രകാരം സെന്‍സസ് വിവരങ്ങള്‍ രഹസ്യാത്മകമാണ്. ജനസംഖ്യാ വിവരങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാക്ഷരത, വിദ്യാഭ്യാസം, വീടുകള്‍, വീട്ടിലുള്ള സൗകര്യങ്ങള്‍, നഗരവത്കരണം, മരണം, ജനനം, പട്ടിക വിഭാഗങ്ങള്‍, മതം, കുടിയേറ്റം, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിപുലമായ വിവരശേഖരം ഇതില്‍ ഉള്‍പ്പെടുന്നു.

വാക്ക് വന്ന വഴി
കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണ് വന്നത്. ഈ വാക്കിന്റെ വാച്യാർഥം വീട്ടുനമ്പർ എന്ന് മാത്രമാണ്‌. പേർഷ്യൻ ഭാഷയിൽ ഖനേ (Khaneh) എന്നാൽ വീട് എന്നും ഷൊമാരേ (Shomareh) എന്നാൽ എണ്ണം എന്നുമാണർഥം. പിന്നീട് ഈ രണ്ട് പദങ്ങളും യോജിച്ച് കാനേഷുമാരി എന്നായി.

ആദ്യ സെന്‍സസ്

ഇന്ത്യയിലെ ആദ്യ സെന്‍സസ് 1872ല്‍ ബ്രിട്ടീഷ് വൈസ്രോയി ലോര്‍ഡ് മയോയുടെ കീഴിലാണ് നടന്നത്. സ്വതന്ത്ര ഭാരതത്തില്‍ 1949ലാണ് സെന്‍സസ് ആരംഭിച്ചത്. സെന്‍സസില്‍ ഇന്ത്യക്ക് നീണ്ട ചരിത്രമുണ്ട്. മധ്യകാലഘട്ടത്തില്‍, അക്ബറിന്റെ ഭരണകാലത്തെ മുഗള്‍ സാമ്രാജ്യത്തിനും ജനസംഖ്യാ കണക്കുകള്‍ ഉണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍, ബ്രിട്ടീഷ് അധികാരികള്‍ അലഹബാദ് പട്ടണത്തിന് വേണ്ടി 1824ല്‍ സെന്‍സസ് നടത്തിയതോടെയാണ് സെന്‍സസ് ആരംഭിച്ചത്. 1827- 28 കാലത്ത് ബനാറസിലും സെന്‍സസ് ഉണ്ടായിരുന്നു.

1830ല്‍ ഹെന്റി വാള്‍ട്ടര്‍ ധാക്കയില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) ഒരു ഇന്ത്യന്‍ നഗരത്തിന്റെ ആദ്യത്തെ സമ്പൂര്‍ണ സെന്‍സസ് നടത്തി. വിവിധ പ്രദേശങ്ങള്‍ വിവിധ വര്‍ഷങ്ങളില്‍ അവരുടെ സെന്‍സസ് എടുത്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ്1871ല്‍ രാജ്യത്തിന്റെ പൊതു ജനസംഖ്യാ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഇത് 1872ലെ സെന്‍സസ് എന്നറിയപ്പെട്ടു. ആദ്യത്തെ ദേശീയ സെന്‍സസില്‍, പേര്, പ്രായം, മതം, ജാതി/ വര്‍ഗം, ദേശീയത അല്ലെങ്കില്‍ വംശം, വായിക്കാനുള്ള/ എഴുതാനുള്ള കഴിവ്, സ്‌കൂളിലോ കോളജിലോ പഠിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള 17 ചോദ്യങ്ങളാണ് ചോദിച്ചത്. തൊഴിലിനെ കുറിച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകം ചോദ്യമുണ്ടായിരുന്നു. അതിന് ശേഷം ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സെന്‍സസ് നടത്തിവരുന്നു.

സെന്‍സസ് നിയമം

സ്വാതന്ത്ര്യത്തിന് മുമ്പുള്ള അവസാന സെന്‍സസ് 1941ലായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം, കേന്ദ്ര- പ്രവിശ്യാതലങ്ങളില്‍ വൈറ്റല്‍ ആന്‍ഡ് പോപുലേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് രജിസ്ട്രാര്‍ ജനറലിനെ നിയമിക്കാന്‍ ഭോര്‍ കമ്മിറ്റി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ശിപാര്‍ശകള്‍ പ്രകാരം, സെന്‍സസ് നിയമം 1948ല്‍ നിലവില്‍ വന്നു. 1951ലെ സെന്‍സസ് ഈ നിയമം അനുസരിച്ചാണ് നടത്തിയത്. വ്യക്തിയുടെ പേര്, പ്രായം, മതം, ലിംഗം, ബന്ധം, സാമ്പത്തിക നില, പ്രധാന ഉപജീവന മാര്‍ഗങ്ങള്‍, മാതൃഭാഷ, സാക്ഷരത എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്.

ഈ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 36,10,88,090 ആയിരുന്നു. സ്ത്രീ- പുരുഷ അനുപാതം 1:0.946 ആയിരുന്നു. ജനസംഖ്യയുടെ 18 ശതമാനം മാത്രമായിരുന്നു സാക്ഷരര്‍. ഇന്ത്യയുടെ വിഭജന സമയത്ത് 72,26,000 പേര്‍ പാക്കിസ്ഥാനിലേക്കും 72,49,000 പേര്‍ ഇന്ത്യയിലേക്കും കുടിയേറിയിരുന്നു. ഈ സെന്‍സസിന് ശേഷമാണ് നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (എന്‍ ആര്‍ സി) തയ്യാറാക്കിയത്.

ഒന്നാം സ്ഥാനത്തേക്ക്

2011ല്‍ അവസാനമായെടുത്ത 15ാം സെന്‍സസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 121,08,54,977 ആണ്. ലോക ജനസംഖ്യാ സാധ്യതകളുടെ 2022 പുനരവലോകനം അനുസരിച്ച്, ഇത് 140 കോടിയിലധികമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറും. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം 2021ല്‍ അടുത്ത സെന്‍സസ് നടത്തേണ്ടതായിരുന്നു. കൊവിഡ് കാരണമാണ് അത് മാറ്റിവെച്ചത്.

അടുത്ത സെന്‍സസ് തീയതി സംബന്ധിച്ച കൃത്യമായ തീയതിയോ സമയക്രമമോ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഒടുവില്‍ നടന്ന സെന്‍സസ് പ്രകാരം ഏറ്റവും ജനസംഖ്യയുള്ള പത്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പെടും.

ജാതി സെന്‍സസ്

ജാതി അടിസ്ഥാനമാക്കിയുള്ള വിവര ശേഖരണത്തിനും നീണ്ട ചരിത്രമുണ്ട്. 1931 വരെ ജാതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1951ന് ശേഷം ഇത്തരം വിവര ശേഖരണം അവസാനിപ്പിച്ചു. മാറിയ സാമൂഹിക- രാഷ്ട്രീയ ചുറ്റുപാടില്‍ ജാതി സെന്‍സസിനായി വീണ്ടും ആവശ്യമുയരുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തി അവരെ നയരൂപവത്കരണത്തില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ജാതി സെന്‍സസ് സഹായിക്കും.

വിവിധ ജാതി വിഭാഗങ്ങളെ കണ്ടെത്തി സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ജനസംഖ്യയെ കുറിച്ചുള്ള ശരിയായ ഡാറ്റയില്ലാതെ, ഈ നയങ്ങളുടെ സ്വാധീനവും ഫലപ്രാപ്തിയും വിലയിരുത്തുന്നത് വെല്ലുവിളിയാകും. ജാതി സെന്‍സസിന് ഭരണഘടന അനുകൂലമാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ അവസ്ഥയെ കുറിച്ച് അന്വേഷിക്കാനും സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും കമ്മീഷനെ നിയമിക്കണമെന്ന് ആര്‍ട്ടിക്കിള്‍ 340 നിര്‍ദേശിക്കുന്നു.

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

---- facebook comment plugin here -----

Latest