Uae
ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സീസണ്‍ ടുവിന് വര്‍ണാഭമായ തുടക്കം
എഴുത്തും വായനയും ചര്‍ച്ചയുമായി ഇനി രണ്ടുദിവസം
അബുദാബി | ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സീസണ്‍ ടുവിന് വര്‍ണാഭമായ തുടക്കം. എഴുത്തും വായനയും ചര്‍ച്ചയുമായി ഇനി രണ്ടുദിവസം. അബുദാബി ഇസ്ലാമിക്ക് സെന്ററില്‍ ഒരുക്കിയ വേദികളില്‍ സാഹിത്യ, സാംസ്‌കാരിക, വിഷയങ്ങളില്‍ സംവാദം നടക്കും. ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സെഷനുകളിലായി വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍, പ്രവാസലോകത്തെ മുതിര്‍ന്ന പൗരന്മാരുടെ സംവാദങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, എഴുത്തുകാര്‍ക്ക് ആദരവ്, തുടങ്ങിയവ നടക്കും.
നാട്ടിലും യുഎഇലുമുള്ള എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഇത്തവണത്തെ ലിറ്ററേച്ചര്‍ അവാര്‍ഡിന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആണ് അര്‍ഹനായത്. എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം സമാപന ദിവസം നടക്കും. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഐഐസി പ്രസിഡന്റ് പി.ബാവഹാജി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. അബുദാബി മലയാളം മിഷന്‍ ഉപദേശകസമിതി ചെയര്‍മാന്‍ സൂരജ് പ്രഭാകര്‍, സുന്നിസെന്റര്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ തങ്ങള്‍, അഡ്വ.മുഹമ്മദ് കുഞ്ഞി, അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ നടുവില്‍, അബുദാബി കമ്യൂണിറ്റി പൊലീസ് പ്രതിനിധികളായ അലി സാബി, അയിഷ സഹ, റസാഖ് ഒരുമനയൂര്‍, ജാഫര്‍ കുറ്റിക്കോട് സംസാരിച്ചു. റാഷിദ് ഹമീദ് രചിച്ച-പ്രണയതുരുത്തിലേക്ക് ഒരു വിനോദ യാത്ര-എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മവും നടന്നു. അബുദാബി പൊലീസ് പ്രതിനിധി അലി ഷാബി ഐഐസി മുന്‍ സെക്രട്ടറി റസാഖ് ഒരുമനയൂരിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ഈ രാജ്യത്തിന്റെ പിറവി മുതല്‍ ഈ രാജ്യത്തിന്റെ വികനത്തിനായി ഇമാറാത്തികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സന്തോഷമുണ്ടെന്ന് അലി ഷാബി പറഞ്ഞു. തുടര്‍ന്ന് ‘കുട്ടി പെന്‍സില്‍’ സെഷനില്‍ ‘രചനയുടെ രസതന്ത്രം’ വിഷയത്തില്‍ മുരളി മംഗലത്ത്, ടി.കെ അബ്ദുസ്സലാം, ലത്തീഫ് മാസ്റ്റര്‍, കെകെ പീലിക്കോട്, ഹസിത നസീര്‍, സതീഷ് കാവിലകത്ത്, ജസ്സ ജമാല്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമയുടെ ആട് എന്ന കൃതിയെ ആസ്പദമായി കുട്ടികള്‍ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ഉച്ചക്ക് മാപ്പിള തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സെഷനില്‍ അഷ്റഫ് തൂണേരി, ഷാലി ബിജു, എം.കെ ഫിറോസ്, ഷംനാസ് വളയംകുളം, മുസ്തു ഊര്‍പ്പായി പങ്കെടുത്തു. തുടര്‍ന്ന് ട്രാവലോഗില്‍ ബനി സദര്‍,അബ്ദുല്‍ വാസിഹ്, സിദ്ദീഖ് ട്രാവല്‍ഫുഡി, സഈദ നടേമ്മല്‍, ഹൈദര്‍ ബിന്‍ മൊയ്തു സംസാരിച്ചു. സാധാരണക്കാരന്റെ അസാധാരണ ജീവിതം പറയുന്ന പ്രത്യേക സെഷനും നടന്നു. രാത്രി 8.30ന് റാഫി പാവറട്ടിയും സംഘവും അവതരിപ്പിക്കുന്ന ഗസലിരവും അരങ്ങേറി. വിവിധ പരിപാടികളോടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഞായറാഴ്ച സമാപിക്കും.