Educational News
ഇന്ത്യൻ മാധ്യമപ്രവർത്തക മിതാലി മുഖർജി റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ
കഴിഞ്ഞ വർഷം നീൽസൺ സ്ഥാനമൊഴിഞ്ഞതിനുശേഷം മിതാലി മുഖർജി റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ടിന്‍റെ ആക്ടിംഗ് ഡയറക്ടറായിരുന്നു.

മുംബൈ | റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസത്തിന്‍റെ ഡയറക്ടറായി ഇന്ത്യൻ മാധ്യമപ്രവർത്തക മിതാലി മുഖർജിയെ നിയമിച്ചു. മിതാലി ഉടൻ സ്ഥാനം ഏറ്റെടുക്കുമെന്ന് ഇൻസ്റ്റിറ്റൂട്ട് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇൻസ്റ്റിറ്റൂട്ട് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ അലൻ റസ്‌ബ്രിഡ്‌ജറും ഓക്സ്ഫോർഡ് സർവകലാശാലയിലെ പൊളിറ്റിക്സ് ആൻഡ് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം മേധാവി പ്രൊഫസർ ഡേവിഡ് ഡോയലുമാണ് നിയമനം പ്രഖ്യാപിച്ചത്.
“ആക്ടിംഗ് ഡയറക്ടർ എന്ന നിലയിൽ രണ്ട് തവണയും അവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, അടുത്ത ഘട്ടത്തെക്കുറിച്ച് അവർക്ക് വ്യക്തമായ കാഴ്ചപ്പാടുമുണ്ട്’‐ റസ്ബ്രിഡ്ജർ പറഞ്ഞു.
തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷനിൽ നിന്നാണ് റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ടിന് പ്രധാന ധനസഹായം ലഭിക്കുന്നത്.2018 മുതൽ 2024 വരെ റാസ്മസ് നീൽസണായിരുന്നു ഡയറക്ടർ.
പുതിയ റോൾ ഏറ്റെടുക്കാനും റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ട് ടീമിനെ നയിക്കാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് മിതാലി മുഖർജി ഒരു പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം നീൽസൺ സ്ഥാനമൊഴിഞ്ഞതിനുശേഷം മിതാലി മുഖർജി റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റൂട്ടിന്‍റെ ആക്ടിംഗ് ഡയറക്ടറായിരുന്നു.ടിവി, പ്രിന്‍റ്, ഡിജിറ്റൽ ജേണലിസത്തിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള മിതാലി മുഖർജി, ദി വയർ ആൻഡ് മിന്‍റിൽ കൺസൾട്ടിംഗ് ബിസിനസ് എഡിറ്ററായി സേവനമനുഷ്ഠിച്ചുവരികയാണ്. മുമ്പ്, സിഎൻബിസി ടിവി 18ൽ മാർക്കറ്റ്സ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. ടിവി ടുഡേയിലും ദൂരദർശനിലും പ്രൈം ടൈം അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്.