Web Special
ഇന്ത്യന്‍ മുസ്ലിംകളും ഹിന്ദുത്വയും: ആര്‍ എസ് എസിന്റെ പുതിയ കാഴ്ചപ്പാടുകള്‍
ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആയി തന്നെ നിലനില്‍ക്കണം. ഭാരതത്തില്‍ ഇന്ന് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് ഒരു ഉപദ്രവുമില്ല.
പ്രധാന സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസറിനും പാഞ്ചജന്യക്കും ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് നല്‍കിയ പുതിയ അഭിമുഖത്തില്‍ രാജ്യത്തെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായി പറയുന്നുണ്ട്. ആര്‍ എസ് എസിന്റെ രാഷ്ട്രീയരൂപമായ ബി ജെ പി രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ സ്വാഭാവികമായും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള മോഹന്‍ ഭഗവതിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ഹിന്ദു രാജ്യം എന്നിവയെ കുറിച്ച് മാത്രമല്ല, എല്‍ ജി ബി ടി ക്യുവിനെ സംബന്ധിച്ചും ഭഗവത് പറയുന്നുണ്ട്.
മുസ്ലിംകള്‍
ജനസംഖ്യാ നയം, ജനസംഖ്യാ അസന്തുലിതാവസ്ഥ എന്നിവ സംബന്ധിച്ച ചോദ്യത്തിനാണ് മുസ്ലിംകളെ കുറിച്ച് മോഹന്‍ ഭഗവത് പറഞ്ഞത്. സങ്കീര്‍ണമായ ഈ വിഷയത്തില്‍ എങ്ങനെ സമവായമുണ്ടാക്കാമെന്നും ഹിന്ദുക്കളും മുസ്ലിംകളും എന്ന ചോദ്യത്തെ ബന്ധപ്പെടുത്തി പറയണമെന്നുമാണ് ചോദ്യകര്‍ത്താവ് മോഹന്‍ ഭഗവതിനോട് ആവശ്യപ്പെടുന്നത്. ഹിന്ദുകളാണ് ഭൂരിപക്ഷമെന്നത് എല്ലാ ഹിന്ദുക്കളും മനസ്സിലാക്കണം എന്ന് പറഞ്ഞാണ് മോഹന്‍ ഭഗവത് ഉത്തരം ആരംഭിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ ആയി തന്നെ നിലനില്‍ക്കണം. ഭാരതത്തില്‍ ഇന്ന് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് ഒരു ഉപദ്രവുമില്ല. അവരുടെ വിശ്വാസം മുറുകെപിടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സാധിക്കും. പ്രപിതാക്കളുടെ വിശ്വാസത്തിലേക്ക് തിരികെപോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനും കഴിഞ്ഞേക്കും. അതെല്ലാം അവരുടെ ഇഷ്ടമാണ്. അത്തരം പിടിവാശികളൊന്നും ഹിന്ദുകള്‍ക്കിടയിലില്ല.
ഇസ്ലാം പേടിക്കേണ്ടതില്ല. എന്നാല്‍ മേധാവിത്വത്തിന്റെ പ്രക്ഷുബ്ധമായ വാചാടോപം മുസ്ലിംകള്‍ കൈയൊഴിയണം. ഞങ്ങളുടെത് മഹത്തായ വംശമാണ്, ഒരിക്കല്‍ ഈ മണ്ണ് ഞങ്ങള്‍ ഭരിച്ചിരുന്നു, ഇനിയും ഭരിക്കും, ഞങ്ങളുടെ വഴി മാത്രമാണ് ശരി, മറ്റുള്ള എല്ലാവരുടെതും തെറ്റാണ്, ഞങ്ങള്‍ വ്യത്യസ്തരാണ്, അതിനാല്‍ അത് തുടരുകയും ചെയ്യും, ഞങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാനാകില്ല; തുടങ്ങിയ വാദങ്ങള്‍ ഒഴിവാക്കണം. യഥാര്‍ഥത്തില്‍, ഹിന്ദു ആകട്ടെ കമ്മ്യൂണിസ്റ്റ് ആകട്ടെ, ഇവിടെ ജീവിക്കുന്ന എല്ലാവരും ഈ നിലപാട് ഒഴിവാക്കണം.
ഹിന്ദുത്വ
ഹിന്ദു സമൂഹം ആയിരത്തിലേറെ വര്‍ഷമായി യുദ്ധമുന്നണിയിലായിരുന്നു എന്ന് പറഞ്ഞാണ് മോഹന്‍ ഭഗവത് തുടങ്ങിയത്. വൈദേശിക അധീശത്വം, സ്വാധീനം, ഗൂഢാലോചന തുടങ്ങിയവക്ക് എതിരെയായിരുന്നു ഈ പോരാട്ടം. ഇതിനായി സംഘും പിന്തുണ നല്‍കി. ഹിന്ദു സമൂഹം ഉണര്‍ന്നതിനാലാണ് ഇതെല്ലാം സംഭവിച്ചത്. യുദ്ധമുഖത്തുള്ളവര്‍ അക്രമോത്സുകരാകുക സ്വാഭാവികമാണ്. ഉദാസീനനാകാതെ പോരാടുക എന്നതാണ് മുഖമുദ്ര. എല്ലാവര്‍ക്കും ഇത് സാധ്യമല്ല. സംഘ് പരിവാര്‍ മുഖേന സാമൂഹിക ഉണര്‍വ് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ട്. യുദ്ധ സമയത്ത് അത്യുത്സാഹമുണ്ടാകുക സ്വാഭാവികമാണ്. ആഗ്രഹിച്ചിട്ടല്ലെങ്കിലും പ്രകോപന പ്രസ്താവനകള്‍ പുറപ്പെടുവിക്കും. കാരണം ഇത് യുദ്ധമാണ്. പുറത്തുള്ള ശത്രുവിനെതിരെയല്ല ഈ യുദ്ധം. ആഭ്യന്തര ശത്രുവിനെതിരെയാണ്. ഹിന്ദു സമൂഹത്തെയും ഹിന്ദു ധര്‍മത്തെയും ഹിന്ദു സംസ്‌കാരത്തെയും രക്ഷിക്കാനാണ്. നിലവില്‍ ഇവിടെ വിദേശ അധീശത്വം ഇല്ല. എന്നാല്‍, വിദേശ സ്വാധീനവും ഗൂഢാലോചനയും തുടരുന്നുണ്ട്.
2025ഉം ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികവും
നൂറ് വയസ്സാകുന്ന ഘട്ടത്തില്‍, സംഘിനെ എല്ലായിടത്തും എത്തിക്കേണ്ടതുണ്ട്. സമൂഹത്തിലെ നാനാതുറകളുമായും ബന്ധം സ്ഥാപിക്കണം. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്ല മാതൃകകള്‍ പിന്തുടരാന്‍ സാധിക്കും. മാത്രമല്ല, ബോളിവുഡ്, മാധ്യമങ്ങള്‍, രാഷ്ട്രീയം എന്നിവക്ക് ജനങ്ങള്‍ അമിത പ്രാധാന്യം നല്‍കുകയുമില്ല. സ്വന്തം കര്‍ത്തവ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വിശിഷ്ട സൈന്യത്തിനൊപ്പം അവര്‍ നിലകൊള്ളും. വിശിഷ്ടമായ അധികാരം ദേശീയ താത്പര്യമനുസരിച്ച് സാഹോദര്യ ബന്ധത്തില്‍ പ്രവര്‍ത്തിക്കും. അതിന് ശക്തിയും വൈപുല്യവും പ്രവര്‍ത്തകശക്തിയും വേണം. 2025ഓടെ ആര്‍ എസ് എസ് അത് സംഘടിപ്പിക്കും.
എല്‍ ജി ബി ടിയും നവ ഇടതുപക്ഷവും
മാധ്യമങ്ങള്‍ വലുതാക്കിക്കാണിക്കുന്ന നിരവധി ചെറുവിഷയങ്ങളില്‍ ഒന്നാണ് എല്‍ ജി ബി ടി. അങ്ങനെ ചെയ്യുന്നത് പ്രായോഗികമാണെന്ന് നവ ഇടതുപക്ഷം കണ്ടെത്തിയിരിക്കുന്നു. നമ്മുടെ പാരമ്പര്യം അനുസരിച്ച് അവയെ കൈകാര്യം ചെയ്യാന്‍ നാം വഴികള്‍ കാണണം. സമൂഹം അവരെ കൂടി ഉള്‍ക്കൊള്ളണം. ജൈവിക കാര്യമായതിനാല്‍ അതിനെയും അഭിമുഖീകരിക്കണം. എന്നാല്‍ അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.