National
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്ക് കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവിക സേന; ഇന്ത്യക്കാരടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതര്‍
നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയിരുന്നു.
ന്യൂഡല്‍ഹി | അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ മോചിപിച്ച് ഇന്ത്യന്‍ നാവിക സേന. കപ്പലിലെ മുഴുവന്‍ ജീവനക്കാരേയും മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യന്‍ നാവിക സേന അറിയിച്ചു. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് മോചന ദൗത്യം നടത്തിയത്.
നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയിരുന്നു.
എം വി ലൈല നോര്‍ഫോക്ക് എന്ന കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നായിരുന്നു വിവരം. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന ഇടപെട്ടു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടുകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയുമായിരുന്നു.