National
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു
ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് സുമിത്ര യാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്
കൊച്ചി | സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. ഇന്ത്യയുടെ ഐ എന്‍ എസ് സുമിത്ര , കപ്പലും ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ നാവികസേന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എം വി ഇമാനാണ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്.
ഇറാനിയന്‍ മത്സ്യ കപ്പല്‍ സൊമാലിയയിലെ കിഴക്കന്‍ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ കടല്‍ക്കൊള്ള നടത്തുന്ന സംഘം തട്ടിയെടുത്തതായി ലഭിച്ച അപായ സന്ദേശം സ്വീകരിച്ചാണ് ഐ എന്‍ എസ് സുമിത്ര രക്ഷിക്കാനായി എത്തിയത്. കൊച്ചിയില്‍ നിന്ന് 700 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കപ്പലില്‍ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടതായും മുഴുവന്‍ ജീവനക്കാരും കപ്പലും സുരക്ഷിതമാണെന്നും ഇന്ത്യന്‍ നാവിക സേന അറിയിച്ചു.