National
സോമാലിയൻ കടൽകൊള്ളക്കാരുടെ ഭീഷണി നേരിടുന്ന മാൾട്ടൻ കപ്പലിന് സംരക്ഷണമൊരുക്കി ഇന്ത്യൻ നാവിക സേന
18 ജീവനക്കാരാണ് എം വി റൂയിൻ കപ്പലിൽ ഉള്ളത്.
മുംബൈ | അറബിക്കടലിൽ കടൽക്കൊള്ളക്കാരുടെ തട്ടിക്കൊണ്ടുപോകൽ ഭീഷണി നേരിടുന്ന മാൾട്ട ചരക്കുകപ്പലിന് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന. സോമാലിയയിലേക്ക് നീങ്ങുന്ന, യൂറോപ്യൻ ദ്വീപ് രാജ്യമായ മാൾട്ടയുടെ എം വി റുയിൻ കപ്പലിനാണ് തട്ടിക്കൊണ്ടുപോകൽ ഭീഷണിയുള്ളത്. കപ്പലിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ മാരിടൈം പട്രോൾ എയർക്രാഫ്റ്റും ആന്റി പൈറസി പട്രോൾ യുദ്ധക്കപ്പലും മാൾട്ട കപ്പലിനെ രക്ഷിക്കാനായി പുറപ്പെട്ടു.
മാരിടൈം പട്രോൾ എയർക്രാഫ്റ്റ് മേഖലയിൽ നിരീക്ഷണം നടത്തിവരികയാണ്. ഇന്ത്യൻ നാവികസേന സ്ഥിതിഗതികൾ പരിഹരിക്കുന്നതിലും കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്ന് നാവികസേന വൃത്തങ്ഞൾ അറിയിച്ചു.
18 ജീവനക്കാരാണ് എം വി റൂയിൻ കപ്പലിൽ ഉള്ളത്. അജ്ഞാതരായ ആറ് പേർ കപ്പലിൽ കയറിയിട്ടുണ്ടെന്ന സന്ദേശമാണ് കപ്പലിൽ നിന്ന് നാവികസേനക്ക് ലഭിച്ചത്. കപ്പലിന്റെ നിയന്ത്രണം ക്രൂവിന് നഷ്ടപ്പെട്ടതായി യുകെയുടെ മറൈൻ ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
2017 ന് ശേഷം സോമാലിയൻ കടൽക്കൊള്ളക്കാരുടെ ആദ്യത്തെ വലിയ ആക്രമണമാണ് ഇത്.