International
അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ അമ്മ മകനെ അവധി ആഘോഷത്തിനിടെ കൊലപ്പെടുത്തി
കാലിഫോര്‍ണിയയില്‍ കഴിയുന്ന സരിത രാമരാജു (48) ആണ് 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയത്

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇന്ത്യന്‍ വംശജയായ അമ്മ മകനെ അവധി ആഘോഷിക്കാന്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി.
കാലിഫോര്‍ണിയയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സരിത രാമരാജു (48) ആണ് 11 വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയത്. സരിതയെ പോലീസ് അറസ്റ്റ് ചെയ്തു.
സിഡ്നിലാന്റില്‍ അവധി ആഘോഷിച്ചതിന് പിന്നാലെയാണ് ഇവര്‍ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആയുധം കൈവശംവെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2018ല്‍ സരിത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇവര്‍ മകനെ കാണാനെത്തിയപ്പോള്‍ രണ്ടുപേര്‍ക്കുമായി മൂന്ന് ദിവസത്തെ ഡിസ്നിലാന്റ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റും കരുതിയിരുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ പ്രകാശ് രാജുവുമായി സരിത നിയമപോരാട്ടത്തിലായിരുന്നു. പ്രകാശ് രാജു ബെംഗളൂരു സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. അവധി ആഘോഷം കഴിഞ്ഞ് കുട്ടിയെ അച്ഛനെ ഏല്‍പ്പിക്കേണ്ടിയിരുന്നത് മാര്‍ച്ച് 19-നായിരുന്നു. എന്നാല്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ വച്ചു താന്‍ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് ഇവര്‍ രാവിലെ ഒമ്പത് മണിയോടെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
റൂമിലെത്തിയ പോലീസ് കണ്ടത് മരിച്ചുകിടക്കുന്ന 11 വയസ്സുകാരനെയാണ്. തന്നോട് അഭിപ്രായം ചോദിക്കാതെ കുട്ടിയുടെ വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങളില്‍ പ്രകാശ് രാജു തീരുമാനമെടുക്കുന്നതില്‍ സരിതക്ക് എതിര്‍പ്പുണ്ടായിരുന്നു.