Connect with us

Ongoing News

ഐ സി സി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം; ഏകദിനത്തില്‍ ബുംറ ഒന്നാമത്, ടി 20യില്‍ സൂര്യകുമാര്‍ ആദ്യ പത്തില്‍

Published

|

Last Updated

ദുബൈ | ഐ സി സി റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ടീമിന്റെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി. ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടി-20 റാങ്കിംഗില്‍ 44 സ്ഥാനങ്ങള്‍ കയറി ആദ്യ പത്തിലെത്തി.

മൂന്ന് സ്ഥാനങ്ങള്‍ മറികടന്നാണ് ബുംറ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറ റാങ്കിംഗില്‍ ഒന്നാമനായത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബോള്‍ട്ട് രണ്ടാമതും (712) പാക് പേസര്‍ ഷഹീന്‍ അഫ്രീദി മൂന്നാമതുമാണ് (681).

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിലെ അത്യുജ്ജ്വല സെഞ്ച്വറിയാണ് സൂര്യകുമാര്‍ യാദവിനെ ബാറ്റര്‍മാരുടെ ടി-20 റാങ്കിംഗില്‍ ആദ്യ പത്തിലെത്തിച്ചത്. സൂര്യ നിലവില്‍ അഞ്ചാം സ്ഥാനത്താണ് സൂര്യകുമാര്‍. ടി-20 റാങ്കിംഗില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം കൂടിയാണ് സൂര്യ. 732 ആണ് റേറ്റിംഗ്. 12-ാമതുള്ള ഇഷാന്‍ കിഷനാണ് പട്ടികയില്‍ അടുത്ത സ്ഥാനത്തുള്ള ഇന്ത്യന്‍ ബാറ്റര്‍. ഏകദിന റാങ്കിംഗില്‍ ഇന്ത്യ പാക്കിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 108 ആണ് ഇന്ത്യയുടെ റേറ്റിംഗ്. പാക്കിസ്ഥാന്റെത് 106 ഉം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 126 റേറ്റിംഗുള്ള ന്യൂസിലന്‍ഡാണ് ഒന്നാമത്.