Operation Ganga
യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഇന്ന് അവസാനിക്കും
ഇരുപതിനായിരത്തിലധികം പേരെ ഓപറേഷൻ ഗംഗയുടെ ഭാഗമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി | യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് തയ്യാറാക്കിയ ഓപറേഷൻ ഗംഗ ഇന്ന് അവസാനിക്കും. ഓപറേഷൻ ഗംഗക്ക് കീഴിലുള്ള അവസാന വിമാനം വൈകിട്ട് പോളണ്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
സുമിയിൽ കുടുങ്ങിയവരെ പോൾടോവയിലേക്കും അവിടെ നിന്ന് ട്രെയിൻ മാർഗം ലവീവിലേക്കും എത്തിക്കുകയായിരുന്നു. അവിടെ നിന്ന് പ്രത്യേക ട്രെയിനിലാണ് പോളണ്ട് അതിർത്തിലേക്ക് കൊണ്ടുപോയത്. ഇതോടെ യുക്രൈനിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർഥിച്ച മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനായെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രക്ഷാദൗത്യത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥരും ഉടൻ നാട്ടിലേക്ക് മടങ്ങും.
റൊമാനിയയിൽ എത്തിച്ച ഇന്ത്യക്കാരുമായുള്ള അവസാന വിമാനം ഇന്നലെ രാജ്യത്തേക്ക് പുറപ്പെട്ടു. ഇതുവരെ എട്ടായിരം പേരെ റൊമാനിയ വഴി ഇന്ത്യയിലെത്തിച്ചതായി റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസി വെബ്‌സൈറ്റിൽ സഹായത്തിനായി രജിസ്റ്റർ ചെയ്യാത്ത ഇന്ത്യക്കാർ ആരെങ്കിലും യുക്രൈനിൽ ശേഷിക്കുന്നുണ്ടെങ്കിൽ അവർ ഉടൻ തന്നെ സുരക്ഷിത ഇടനാഴി ഉപയോഗിച്ച് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ആരെങ്കിലുമെത്തിയാൽ അവരെക്കൂടി അവസാന വിമാനത്തിൽ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ഇരുപതിനായിരത്തിലധികം പേരെ ഓപറേഷൻ ഗംഗയുടെ ഭാഗമായി തിരികെയെത്തിക്കാൻ സാധിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.