feature
ഈജിപ്ഷ്യൻ മണ്ണിലെ ഇന്ത്യൻ വസന്തം
അസ്ഹര്‍ യൂനിവേഴ്‌സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഡിഗ്രി തലത്തില്‍ ഒന്നാം റാങ്ക് നേടുന്നത്. ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള തീക്ഷ്ണമായ ചുവടുവെപ്പുകള്‍. നിശ്ചയദാര്‍ഢ്യത്തിന്റെ മനക്കരുത്ത്. സ്വാലിഹിന് ഇനിയും ജയിച്ചു കയറണം.
ഈജിപ്തിലെ അല്‍ അസ്ഹറിന്റെ ചരിത്രത്തില്‍ ഇന്ത്യക്കാര്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിരിക്കുകയാണ് ഈ പാലക്കാട്ടുകാരന്‍, മുഹമ്മദ് സ്വാലിഹ് അദനി. അസ്ഹര്‍ യൂനിവേഴ്‌സിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഡിഗ്രി തലത്തില്‍ ഒന്നാം റാങ്ക് നേടുന്നത്. ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള തീക്ഷ്ണമായ ചുവടുവെപ്പുകള്‍. നിശ്ചയദാര്‍ഢ്യത്തിന്റെ മനക്കരുത്ത്. സ്വാലിഹിന് ഇനിയും ജയിച്ചു കയറണം. ഈജിപ്തിലെ കൈറോയില്‍ സ്ഥിതി ചെയ്യുന്ന അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഇസ്്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഫാത്തിമിദ്് ഖിലാഫത്തിന്റെ കാലഘട്ടത്തില്‍ നടത്തിയ ഒരു അറബ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദ്യം ഒരു മസ്ജിദ് ആയി തുടങ്ങിയ ഈ സ്ഥാപനം പിന്നീട് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്ന യൂനിവേഴ്‌സിറ്റിയായി മാറുകയായിരുന്നു.
നിലവില്‍ അസ്ഹറില്‍ നൂറുക്കണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്നു. പ്രഗത്ഭരായ പണ്ഡിതര്‍ക്ക് ജന്മം നല്‍കിയ ഈ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഒരു ഇന്ത്യക്കാരന് മുംതാസോടെ (90 ശതമാനത്തിന് മുകളില്‍) ഒന്നാം റാങ്ക് ലഭിക്കുന്നത് ചരിത്ര മുഹൂര്‍ത്തമാണ്.
അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളജ് ഓഫ് ഫണ്ടമെന്റല്‍സ് ഓഫ് റിലീജ്യനലായിരുന്നു(കുല്ലിയ്യ ഉസൂലുദ്ധീന്‍) മുഹമ്മദ് സാലിഹിന്റെ പഠനം. “അഖീദ വ ഫല്‍സഫ'(തിയോളജി ആന്‍ഡ് ഫിലോസഫി) ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പിന്നിലാക്കി സ്വാലിഹിന്റെ മിന്നും വിജയം. ഡിഗ്രി ഒന്നാം വര്‍ഷത്തില്‍ രണ്ടും രണ്ടാം വര്‍ഷത്തില്‍ നാലും മൂന്ന്, നാല് വര്‍ഷങ്ങളില്‍ ഒന്നും റാങ്കുകള്‍ സ്വാലിഹ് കരസ്ഥമാക്കിയിരുന്നു. അത്തഫ്‌സീറു വ ഉലൂമുഹു, അല്‍ ഹദീസ് വ ഉലൂമുഹു, അദ്ദഅ്‌വ അല്‍ ഇസ്്ലാമിയ്യ ഡിപ്പാര്‍ട്ട്‌മെന്റുകളും കോളജിലുണ്ട്.
എട്ടാം ക്ലാസ്സില്‍ മലപ്പുറം മഅ്ദിനിലെ മോഡല്‍ അക്കാദമിയിലെത്തിയ സ്വാലിഹ് ഇസ്്ലാമിക വിഷയങ്ങളില്‍ അതീവ തത്പരനായിരുന്നു. മഅ്ദിനിലെ ഏഴ് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് അസ്ഹറിലെത്തുന്നത്. പരിചിതമല്ലാത്ത നാട്ടില്‍ ലോകത്തെ പ്രഗത്ഭ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുക എന്നത് ഒരു സാധാരണ മലയാളിക്ക് വലിയ വെല്ലുവിളിയാണ്. വിദേശ രാജ്യങ്ങളുമായി മഅ്ദിന്‍ ചെയര്‍മാനും തന്റെ ഗുരുവര്യരുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ബന്ധത്തില്‍ നിരവധി വിദേശ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രൊഫഷനലേഴ്‌സിനെ മഅ്ദിനിലേക്ക് കൊണ്ടുവന്നതും അവരുടെ ക്ലാസ്സുകളില്‍ പങ്കെടുത്തതും അവരോട് ആശയ വിനിമയം നടത്താന്‍ അവസരം ലഭിച്ചതും തന്റെ പഠനയാത്ര ഏറെ എളുപ്പമാക്കിയെന്ന് സാലിഹ് വ്യക്തമാക്കുന്നു. സ്ഥാപനത്തിലെ പഠന പാഠ്യേതര രീതികളും ഏറെ സഹായിച്ചുവെന്നും സാലിഹ് ഓര്‍ക്കുന്നു. തങ്ങളുസ്താദിന്റെ നിര്‍ദേശ പ്രകാരം നിരന്തരമായി ഓരോ വിഷയങ്ങളിലും പഠനം നടത്താനും പുതിയ കാലഘട്ടങ്ങളിലെ ചര്‍ച്ചകളെ കുറിച്ച് കൂടുതല്‍ റിസര്‍ച്ച് നടത്താനും പേപ്പറുകള്‍ തയ്യാറാക്കാനുമൊക്കെ പ്രോത്സാഹിപ്പിച്ചത് അസ്ഹറിലെ റിസര്‍ച്ചുകള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. മഅ്ദിന്‍ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും തന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് സാലിഹ് സമർപ്പിക്കുന്നു.
മഅ്ദിനിലെ പഠന കാലയളവില്‍ നിരവധി നേട്ടങ്ങള്‍ സ്വാലിഹിനെ തേടിയെത്തിയിരുന്നു. ദുബൈ ഗവണ്‍മെന്റിന്റെ രാജ്യാന്തര അറബിക് വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പ്ലസ്ടുവിലും മികച്ച വിജയം. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലയാള പ്രസംഗം, ബുര്‍ദ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഉന്നതകലാലയങ്ങളില്‍ നിന്ന് പി എച്ച് ഡി എടുക്കുന്ന ഒരുപറ്റം വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന പ്രിയ ഗുരു സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ലക്ഷ്യങ്ങളില്‍ ഒരു കണ്ണിചേര്‍ന്ന് അസ്ഹറില്‍ തന്നെ പി ജിയും പി എച്ച് ഡിയും പൂര്‍ത്തിയാക്കണമെന്നാണ് സ്വാലിഹിന്റെ അഭിലാഷം. അതിനായുള്ള ഒരുക്കത്തിലാണ്. ഒരു ഇസ്്ലാമിക് ലെക്ചററായി കരിയര്‍ തുടരാനും ആഗ്രഹിക്കുന്നു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശി അബ്ദുർറശീദ് സഖാഫി – ഫാത്വിമാ സുആദ ദമ്പതികളുടെ മകനായ സ്വാലിഹ് പണ്ഡിത കുടുംബത്തിലെ അംഗമാണ്. സ്വാലിഹിന്റെ ഈ നേട്ടം ഇന്ത്യക്കും മലയാളി സമൂഹത്തിനുമാകെ അഭിമാനവും മാതൃകാപരവുമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.