Connect with us

From the print

ചുരം കയറുന്ന ഇന്ത്യൻ പോരാട്ടം

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പോലെ മുസ്‌ലിം വോട്ടുകൾ നിർണായകമാകുന്ന മണ്ഡലമാണ് വയനാട്

Published

|

Last Updated

ഇന്ത്യ’ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ജനവിധി തേടുന്നതിലൂടെ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. ആദിവാസികളും തോട്ടംതൊഴിലാളികളും മലയോര കർഷകരും മത ന്യൂനപക്ഷങ്ങളും വിധി നിർണയിക്കുന്ന, മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലം. ഈ മലനാടിന്റെ ഇത്തവണത്തെ പോരാട്ടത്തിന് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചർച്ചയാകുന്ന വലിയ സവിശേഷതയുണ്ട്. കേന്ദ്ര സർക്കാറിന്റെ വർഗീയ- ഫാസിസ്റ്റ് നയങ്ങൾക്കെതിരെ രാഹുലിനൊപ്പം ഡൽഹിയിൽ പോരാടുന്ന, ഇന്ത്യ മുന്നണിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സി പി ഐ നേതാവ് ആനി രാജ അദ്ദേഹത്തിന്റെ എതിരാളിയായി എത്തുന്നുവെന്നതാണ് പ്രത്യേകത. മുന്നണിയുടെ പ്രസക്തി തന്നെ എതിരാളികൾ ചോദ്യം ചെയ്യാവുന്ന അവസ്ഥ.

ഒരു മുഴം മുന്പേ
രാഹുലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇടത് സ്ഥാനാർഥി ആനി രാജ മണ്ഡലത്തിൽ നിറഞ്ഞുകഴിഞ്ഞു. രാഹുൽ ഇതുവരെ മണ്ഡലത്തിൽ എത്തിയിട്ടില്ലെങ്കിലും യു ഡി എഫ് ക്യാമ്പും ആവേശത്തിലാണ്. സംസ്ഥാനത്ത് യു ഡി എഫിന്റെ ഉരുക്കുകോട്ടയായ വയനാട്ടിൽ നിന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് രാഹുൽ കഴിഞ്ഞ തവണ പാർലിമെന്റിലെത്തിയത്. ഇവിടെ അട്ടിമറി സാധ്യത വിദൂരമാണ്. എങ്കിലും, ആശങ്കയൊന്നുമില്ലാതെ തികഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനാണ് ആനി രാജയും എൽ ഡി എഫും ശ്രമിക്കുന്നത്. വയനാട്ടിലെ വോട്ടിംഗ് പാറ്റേണിൽ ബി ജെ പി നയിക്കുന്ന എൻ ഡി എക്ക് വലിയ പ്രസക്തിയില്ല. സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ്എ പി അബ്ദുല്ലക്കുട്ടി, ആദിവാസി നേതാവ് സി കെ ജാനു തുടങ്ങിയ പേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്.
സാമുദായിക സമവാക്യം
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പോലെ മുസ്‌ലിം വോട്ടുകൾ നിർണായകമാകുന്ന മണ്ഡലമാണ് വയനാട്.
മണ്ഡലത്തിലെ സാമുദായിക സമവാക്യം പരിശോധിച്ചാൽ 45 ശതമാനം ഹിന്ദുക്കളും 41 ശതമാനം മുസ്‌ലിംകളും 13.7 ശതമാനം ക്രിസ്ത്യാനികളുമാണ്. മറ്റു മതക്കാർ 0.30 ശതമാനം മാത്രം. ഗോത്ര വിഭാഗക്കാർക്കും സ്വാധീനമുണ്ട്. വയനാട്ടിലെ ഏഴിൽ രണ്ട് നിയമസഭാ മണ്ഡലങ്ങൾ പട്ടിക ജാതി, പട്ടിക വർഗ സംവരണമാണ്.
ഈ വർഷം ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടിക പ്രകാരം 14,29,779 വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഇവരിൽ 7,05,128 പുരുഷന്മാരും 7,24,637 സ്ത്രീകളും 14 ഭിന്നലിംഗക്കാരുമാണ്. നിയമസഭ അടിസ്ഥാനത്തിൽ മാനന്തവാടി 1,97,947, ബത്തേരി 2,21,419, കൽപ്പറ്റ 2,04,859, തിരുവമ്പാടി 1,79,415, ഏറനാട് 1,79,499, വണ്ടൂർ 2,25,634, നിലമ്പൂർ 2,21,006 എന്നിങ്ങനെയാണ് വോട്ടർമാർ.
അടിസ്ഥാന പ്രശ്‌നങ്ങൾ
പരസ്പരം കുറ്റപ്പെടുത്തലുമായി ഇരു മുന്നണികളും പ്രചാരണം കൊഴുപ്പിക്കുമ്പോഴും വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒരു മാറ്റവുമില്ലെന്നതാണ് വസ്തുത. മനുഷ്യ- വന്യജീവി സംഘർഷം, ആധുനിക സൗകര്യമുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി, ദേശീയപാതയിലെ രാത്രിയാത്രാ നിരോധം, താമരശ്ശേരി ചുരം ബദൽ റോഡ്, നിലമ്പൂർ- നഞ്ചൻകോട് റെയിൽ തുടങ്ങിയവ വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്നു. പൗരത്വ നിയമവും മോദി സർക്കാറിന്റെ നയങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം പ്രചാരണത്തിൽ മുന്നിലുണ്ടാകും.
അവകാശവാദം
പ്രളയം, കൊവിഡ് അടക്കമുള്ള മഹാമാരിക്കാലത്തും പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നത്തിനും സർക്കാർ സംവിധാനത്തെ കാത്തുനിൽക്കാതെ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ ജനങ്ങൾ മറക്കില്ലെന്ന് യു ഡി എഫ് പറയുന്നു. എം പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 27.8 കോടി രൂപ രാഹുൽ ചെലവിട്ടു.
ആറ് മാസക്കാലം അയോഗ്യനാക്കി പുറത്തിരുത്തിയിട്ടും പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിൽ ഇന്ത്യയിലെ മുൻനിര എം പിമാരിൽ ഒരാളാകാൻ രാഹുലിന് സാധിച്ചെന്നും യു ഡി എഫ് പറയുന്നു. മണ്ഡലത്തിൽ അമ്പതിലേറെ വീടുകളാണ് “സബർമതി’ എന്ന പേരിൽ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയത്. നിരവധി പദ്ധതികൾ സമർപ്പിക്കപ്പെട്ടെങ്കിലും എം പി ഫണ്ടിന് പുറമെ ഒന്നിനും കേന്ദ്ര സർക്കാർ ഫണ്ട് തന്നില്ലെന്നും യു ഡി എഫ് പരിതപിക്കുന്നു.
വിമർശം
മണ്ഡലത്തിൽ ഒരിക്കലും ലഭ്യമാകാത്ത എം പിയായിരുന്നു രാഹുലെന്ന് എൽ ഡി എഫ് കുറ്റപ്പെടുത്തുന്നു. അഞ്ച് വർഷത്തിനിടെ ഒമ്പത് തവണ മാത്രമാണ് രാഹുൽ വയനാട്ടിലെത്തിയത്. ഇതിൽ രണ്ട് തവണ അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട സ്വീകരണത്തിനാണെന്നും അവർ വിമർശിക്കുന്നു. വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധമടക്കമുള്ള ജനകീയ വിഷയങ്ങൾ രാഹുൽ വേണ്ട രൂപത്തിൽ പാർലിമെന്റിൽ ഉന്നയിച്ചില്ല. പാർലിമെന്റിലെ നിർണായക സമയങ്ങളിൽ രാഹുൽ വിദേശത്തായിരുന്നു.
കർഷക സമരത്തിലും മണിപ്പൂർ കലാപത്തിലും വേണ്ട രൂപത്തിൽ ഇടപെട്ടില്ല തുടങ്ങിയ വിമർശവും എൽ ഡി എഫിനുണ്ട്. രാജ്യത്ത് നടക്കുന്ന എല്ലാ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയാണ് ആനി രാജയെന്നും കർഷക സമരത്തിലും മണിപ്പൂർ കലാപ ഭൂമിയിലും സി എ എ സമരത്തിലുമെല്ലാം ഇത് കണ്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് വോട്ട് സമാഹരിക്കാൻ ശ്രമിക്കുന്നത്.

Latest