National
ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
തെലങ്കാനയിലെ ഖമ്മം സ്വദേശി സായ് തേജ നുകരാപ്പു (22) ആണ് മരിച്ചത്.
ന്യൂഡല്‍ഹി | യു എസിലെ ചിക്കാഗോയില്‍ ഇന്ത്യക്കാരനായ എം ബി എ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഖമ്മം സ്വദേശി സായ് തേജ നുകരാപ്പു (22) ആണ് മരിച്ചത്. പഠനത്തോടൊപ്പം പെട്രോള്‍ പമ്പില്‍ പാര്‍ട്ട്ടൈം ജോലിചെയ്തു വരികയായിരുന്നു സായ് തേജ.
ജോലിക്കിടെ വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സായ് തേജ പിന്നീട് മരണപ്പെടുകയായിരുന്നു.
ഇന്ത്യയില്‍നിന്ന് ബിരുദം നേടിയ സായ് തേജ എം ബി എ പൂര്‍ത്തിയാക്കാനാണ് യു എസിലേക്ക് പോയത്. അക്രമിക്കെതിരെ അടിയന്തര നടപടിയെടുക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സായ് തേജയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. സായ് തേജയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി അഗാധ ദുഃഖം രേഖപ്പെടുത്തി.