International
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; റൂംമേറ്റ് അറസ്റ്റിൽ
അടുക്കളയില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
സര്‍നിയ| കാനഡ സര്‍നിയയിലെ ക്യൂന്‍ സ്ട്രീറ്റില്‍ 22കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു. ഗുറാസിസ് സിങ്ങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ലാബ്ടണ്‍ കോളജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് ഗുറാസിസ്. 36കാരനായ ക്രോസ്ലി ഹണ്ടര്‍ എന്നയാളാണ് കൃത്യം നടത്തിയത്. അടുക്കളയില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഹണ്ടര്‍ ഗുറാസിനെ കറിക്കത്തി ഉപയോഗിച്ച് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.പരുക്കേറ്റ ഗുറാസിസ് പോലീസിനെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകതത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്നും വംശീയമായ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന ഒന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗുറാസിസ് സിങ്ങിന്റെ മരണത്തില്‍ കോളേജ് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഗുറാസിസിന്റെ വീടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംസ്‌കാരചടങ്ങുകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.