Connect with us

National

ഇന്ത്യന്‍ ഉപഭൂഖണ്ഡം സംഘര്‍ഷഭീതിയില്‍; സര്‍വ സജ്ജമായി ഇന്ത്യ

ആക്രമത്തിന് കോപ്പുകൂട്ടി പാകിസ്ഥാനും

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡം സംഘര്‍ഷഭീതിയില്‍. നയതന്ത്രയുദ്ധം പ്രഖ്യാപിച്ച ഇന്ത്യ എതിരാളികളെ നേരിടാന്‍ സര്‍വ സജ്ജമായി. സൈനികാഭ്യാസങ്ങളും തുടരുകയാണ്. അതിര്‍ത്തി സംബന്ധിച്ച ഷിംല കരാര്‍ മരവിപ്പിച്ച് തിരിച്ചടിക്കാനൊരുങ്ങുന്ന പാകിസ്ഥാനിലും സൈനികാഭ്യാസം ആരംഭിച്ച് ആക്രമത്തിന് കോപ്പുകൂട്ടുകയാണ്.

പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായ എല്ലാ ഭീകരരെയും അതിന് സഹായം ചെയ്തവരെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്ത്യ്ന്‍ സൈനികാഭ്യാസ പ്രകടനങ്ങള്‍ക്ക് തുടക്കമിട്ടുരുന്നു. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച് ജല യുദ്ധത്തിനാണ് ഇന്ത്യ ആദ്യ നീക്കം നടത്തിയത്. ഇതോടെ ജലം തടയുന്നതിനോ വഴിതിരിച്ചുവിടുന്നതിനോ ഉള്ള ശ്രമം യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സ്വന്തം പൗരരെ അമേരിക്ക വിലക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്ത്യയുടെ നിലപാട് വിശദീകരിച്ചു.

 

Latest