Connect with us

Uae

ബാക്കുവില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ കയ്യടി നേടി ഇന്ത്യന്‍ അധ്യാപകരുടെ പാഠ്യപദ്ധതികള്‍

രണ്ട് അധ്യാപകരുടെയും ആശയങ്ങള്‍ ഇന്ത്യയുടെ പാരിസ്ഥിതിക വൈവിധ്യത്തിലേക്കും ആഗോള സുസ്ഥിരതാ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള രാജ്യത്തിന്റെ സാധ്യതകളിലേക്കും ശ്രദ്ധ തിരിക്കുന്നതാണ്.

Published

|

Last Updated

ബാക്കു |  കാലാവസ്ഥ വ്യതിയാനത്തെ നേരിടാനായുള്ള ഇന്ത്യന്‍ അധ്യാപകരുടെ നൂതന പാഠ്യപദ്ധതികള്‍ അസര്‍ബൈജാനിലെ ബാക്കു കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്കിടെ നടന്ന കാലാവസ്ഥ വ്യതിയാന ചാലഞ്ചില്‍ മുന്നില്‍. ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന ഓക്‌സ്ഫഡ് സൈദ് -ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ആഗോള കാലാവസ്ഥാ വ്യതിയാന ചലഞ്ചില്‍ ഗ്രേറ്റര്‍ നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ അധ്യാപകനായ നഖീബ് മെഹ്ദി, ലഖ്‌നൗവിലെ പ്രേരണ ഗേള്‍സ് സ്‌കൂളിലെ അധ്യാപികയായ മരിയ ഷാ എന്നിവരാണ് നൂതന ആശയങ്ങളിലൂടെ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലൂടെ എങ്ങിനെ കാലാവസ്ഥ വ്യതിയാനം തടയാം എന്ന് പ്രതിപാദിക്കുന്ന അധ്യാപകരുടെ പാഠ്യപദ്ധതികള്‍ ഉച്ചകോടിയില്‍ ഒത്തുചേര്‍ന്ന ആഗോള വിദഗദ്ധരുടെ ശ്രദ്ധയാകര്‍ഷിച്ചു. രണ്ട് അധ്യാപകരുടെയും ആശയങ്ങള്‍ ഇന്ത്യയുടെ പാരിസ്ഥിതിക വൈവിധ്യത്തിലേക്കും ആഗോള സുസ്ഥിരതാ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള രാജ്യത്തിന്റെ സാധ്യതകളിലേക്കും ശ്രദ്ധ തിരിക്കുന്നതാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള ശാസ്ത്രീയ ഗവേഷണത്തിലൂടെ പ്രകൃതിദത്ത ജലസംഭരണികളായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് നഖീബ് മെഹ്ദി അവതരിപ്പിച്ചത്. പ്രാദേശിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുരുവായ ഈ ആശയം ആഗോളതലത്തില്‍ അവതരിപ്പിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് നഖീബ് പറഞ്ഞു. മരിയ ഷായുടെ ‘സീറോ വേസ്റ്റ് പിരീഡ്’ എന്ന പദ്ധതി ആര്‍ത്തവവുമായി ബന്ധപെട്ടുണ്ടാകുന്ന ഡിസ്‌പോസിബിള്‍ സാനിറ്ററി ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതത്തെ നേരിടുന്നതിനെപ്പറ്റിയാണ്. സമൂഹത്തില്‍ ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന ഈ വിഷയത്തെ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നതിലൂടെ കുട്ടികളെ ബോധവല്‍ക്കരിക്കാനും, അതിലൂടെ സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റുവാനുമാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജയായ പര്‍വി ഗോയെലും സംഘവും നവീന രീതിയിലൂടെ മാലിന്യങ്ങള്‍ നിറഞ്ഞ ചെളി ഫില്‍റ്റര്‍ ചെയ്യുന്നതിനുള്ള പരിഹാരം അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി. അബുദാബിയിലെ കേംബ്രിഡ്ജ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ പര്‍വിയും ടീമംഗങ്ങളായ മെഹകും തിരുഷിയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷന്‍ കുറച്ച് അമോണിയയും ലോഹങ്ങളും നീക്കം ചെയ്യുന്ന രീതിയാണ് അവതരിപ്പിച്ചത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ഓക്‌സ്ഫഡ് സൈദ് ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഓക്‌സ്ഫഡ് സൈദ് -ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കാലാവസ്ഥാ വ്യതിയാന ചലഞ്ചില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥി ടീമിനും അധ്യാപകനും 2025 -ഇല്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രത്യേക പഠനത്തിന് അവസരം ലഭിക്കും. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി ലഭിച്ച ആയിരത്തിലധികം അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളാണ് ബാക്കുവിലെ വേദിയില്‍ മാറ്റുരച്ചത്. ഇതില്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥിയും ആദ്യ സ്ഥാനങ്ങളിലെത്തിയത്.

 

---- facebook comment plugin here -----

Latest