International
മാർച്ച് 15നകം ഇന്ത്യൻ സൈന്യം രാജ്യം വിടണം; അന്ത്യശാസനം നൽകി മാലദ്വീപ്
88 ഇന്ത്യൻ സൈനികരാണ് നിലവിൽ മാലദ്വീപിലുള്ളത്.
ന്യൂഡൽഹി | നയതന്ത്ര തർക്കം രൂക്ഷമായിക്കൊണ്ടിരിക്കെ, രാജ്യത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ അന്ത്യശാസനം നൽകി മാലദ്വീപ്. അടുത്തിടെ ചൈന സന്ദർശിച്ച് മടങ്ങിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 15നകം മുഴുവൻ സൈനികരെയും പിൻവലിക്കണമെന്നാണ് മാലിദ്വീപ് അറിയിച്ചിരിക്കുന്നത്.
കടൽ സുരക്ഷക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. റിപ്പോർട്ട് പ്രകാരം 88 സൈനികരാണ് മാലദ്വീപിലുള്ളത്. ഇന്ത്യൻ സൈനികർക്ക് മാലിദ്വീപിൽ തങ്ങാനാകില്ലെന്നും ഇതാണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെയും ഈ ഭരണകൂടത്തിന്റെയും നയമെന്നും അബ്ദുല്ല നാസിം വ്യക്തമാക്കി.
മാലദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഒരു ഉന്നതതല കോർ ഗ്രൂപ്പിനെ രൂപീകരിച്ചിട്ടുണ്ട്. ഞായറാഴ്ച മാലയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് സംഘം ആദ്യ യോഗം ചേർന്നു. യോഗത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ മാലദ്വീപ് സർക്കാരിലെ മൂന്ന് മന്ത്രിമാർ മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാരെ മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തുവെങ്കിലും ബന്ധം വഷളായ സാഹചര്യം തന്നെയാണ് നിലവിലുള്ളത്. ഈ വിവാദം ഇന്ത്യയിൽ മാലദ്വീപ് ബഹിഷ്‌കരണ പ്രചാരണത്തിനും കാരണമായിരുന്നു.