Connect with us

Palakkad

പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ്: ശബ്ദം നല്‍കാന്‍ ഇനി പട്ടാമ്പിക്കാരനും

Published

|

Last Updated

മുതുതല | ലോകോത്തര വീഡിയോ ഗെയിമായ പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ബി ജി എം ഐയില്‍ ഔദ്യോഗിക പാര്‍ട്ണറായി ശബ്ദം നല്‍കാന്‍ ഇനി മലയാളിയും. വീഡിയോ ഗെയിമിംഗ് സ്ട്രീമറായ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റ് സ്വദേശി 23 കാരന്‍ റമീസ് കാസ്‌ട്രോക്കാണ് ഈ അസുലഭാവസരം ലഭിച്ചത്. ഡിഗ്രി പഠന കാലത്ത് ഹോസ്റ്റലിലെ പരിമിത സൗകര്യങ്ങളില്‍ നിന്ന് തുടങ്ങിയ റമീസിന്റെ വീഡിയോ സ്ട്രീമിംഗ് ലോക്ക്ഡൗണ്‍ കാലത്താണ് പച്ച പിടിക്കുന്നത്.

പബ്ജി വീഡിയോ ഗെയിമിന്റെ വിദ്യകള്‍ പഠിച്ചെടുത്ത റമീസിന്റെ കേരളത്തിലെ ഏറ്റവും മികച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലൈവ് സ്ട്രീമുകള്‍ക്ക് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ദിനേനെയെത്തുന്നത്. കേരളത്തില്‍ നിന്ന് റമീസിനെയും സൗത്ത് ഇന്ത്യയില്‍ നിന്നുള്ള രണ്ട് സ്ട്രീമേഴ്‌സ് ഉൾപ്പെടെ മൂന്ന് പേരെയാണ് ബി ജി എം ഐ ഔദ്യോഗിക പാര്‍ട്‌ണേഴ്‌സായി ക്ഷണിച്ചിട്ടുള്ളത്. സമ്പൂർണ ചെലവുകള്‍ വഹിച്ച് ബി ജി എം ഐ മുബൈയില്‍ വെച്ച് വോയ്‌സ് റെകോര്‍ഡ് പ്രക്രിയകള്‍ പൂര്‍ത്തികരിച്ചു. അടുത്ത ദിവസങ്ങളില്‍ പബ്ജി യൂസേഴ്‌സിന് തങ്ങളുടെ ഇഷ്ടപ്പെട്ട സ്ട്രീമേഴ്‌സിന്റെ വോയ്‌സ് പാക്കേജ് ലഭിക്കുമെന്നാണ് അപ്‌ഡേഷന്‍.

ലോക പ്രചാരമുള്ള പബ്ജി ഗെയ്മിന്റെ ഭാഗമാകാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും മലയാളിയെന്ന നിലക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും റമീസ് പറയുന്നു. ഇന്ത്യയില്‍ നിരവധി യൂട്യൂബ് ഗെയിം സ്ട്രീമേഴ്‌സ് ഉണ്ടെന്നിരിക്കെ തന്നെ ബി ജി എം ഐ തിരഞ്ഞെടുത്തത് ഭാഗ്യമായാണ് കരുതുന്നത്. ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന അത്യാധുനിക സംവിധത്തോടെയുള്ള ഗെയിമിംഗ് റൂം, ജീവിത സ്വപ്നമായിരുന്ന കാറും ബൈക്കും തുടങ്ങി വീഡിയോ ഗെയ്മിംഗിലൂടെ ചെറിയ പ്രായത്തില്‍ തന്നെ മികച്ച നേട്ടം കൊയ്യാന്‍ റമീസിനായിട്ടുണ്ട്. ഈ രംഗത്തെ തുടര്‍ പഠനം തന്നെയാണ് നിലവില്‍ ഡിഗ്രി പൂര്‍ത്തീകരിച്ച റമീസിന്റെ ഇനിയുള്ള സ്വപ്നം.

Latest