Connect with us

common wealth games

ഗോദയിൽ ഇന്ത്യക്ക് ഹാട്രിക് സ്വർണവും വെങ്കലവും; പുരുഷ ഹോക്കി ടീം ഫൈനലിൽ

ഫൊഗട്ടിൻ്റെ ഹാട്രിക് കോമൺവെൽത്ത് സ്വർണമാണിത്.

Published

|

Last Updated

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയിൽ ഇന്ത്യക്ക് ഹാട്രിക് സ്വർണവും വെങ്കലവും. പുരുഷ ഗുസ്തിയിൽ രവി കുമാർ ദാഹിയയും നവീനും വനിതാ വിഭാഗത്തിൽ വിനേശ് ഫൊഗട്ടുമാണ് സ്വർണം നേടിയത്. 74 കിലോയിൽ പാക്കിസ്ഥാൻ്റെ മുഹമ്മദ് ശരീഫ് താഹിറിനെയാണ് നവീൻ മലർത്തിയടിച്ചത്.

ഒരുപിടി റെക്കോർഡുമായാണ് ഫൊഗട്ടിൻ്റെ സ്വർണനേട്ടം. ഫൊഗട്ടിൻ്റെ ഹാട്രിക് കോമൺവെൽത്ത് സ്വർണമാണിത്. കോമൺവെൽത്തിൽ ഹാട്രിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത, ഏഷ്യൻ ഗെയിംസിലും കോമൺവെൽത്തിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്നീ നേട്ടങ്ങളും അവർ സ്വന്തം പേരിലാക്കി. 53 കിലോ ഫ്രീസ്റ്റൈലിലാണ് ഫൊഗട്ടിൻ്റെ സ്വർണം. നോർഡിക് സംവിധാനം അനുസരിച്ചാണ് അവരെ വിജയിയായി പ്രഖ്യാപിച്ചത്. ഗുസ്തിയിൽ ഇന്ത്യയുടെ ആറാം സ്വർണം കൂടിയാണിത്.

57 കിലോ ഗുസ്തിയുടെ ഫൈനലിൽ നൈജീരിയയുടെ എബികെവെനിമോയെയാണ് രവി ദാഹിയ മലർത്തിയടിച്ചത്. 60 കിലോ ബോക്‌സിംഗില്‍ ജെയ്സ്മിന്‍ ലംബോരിയയും 50 കിലോ വനിതാ ഗുസ്തിയിൽ പൂജ ഗെലോട്ടും  വെങ്കലം നേടി. വനിതകളുടെ 76 കിലോ ഗുസ്തിയിൽ പൂജ സിഹാഗും വെങ്കലവും നേടി. ആസ്ത്രേലിയയുടെ നവോമി ഡി ബ്രൂയ്നെയാണ് അവർ പരാജയപ്പെടുത്തിയത്. ഗുസ്തിയിൽ വെങ്കലം നേടിയ മറ്റൊരാൾ ദീപക് നെഹ്റയാണ്. 97 കിലോ വിഭാഗത്തിൽ പാക്കിസ്ഥാൻ്റെ തയബ് റസയെയാണ് നെഹ്റ പരാജയപ്പെടുത്തിയത്.

പുരുഷ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആസ്ത്രേലിയ- ഇംഗ്ലണ്ട് സെമി ഫൈനൽ വിജയിയാണ് ഇന്ത്യയുടെ ഫൈനൽ എതിരാളി. പുരുഷ ലോണ്‍ ബോള്‍സില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. ലോണ്‍ബോള്‍സ് ഫൈനലില്‍ അയര്‍ലാന്‍ഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. സ്‌കോര്‍ 5-18. ജെയ്സ്മിൻ്റെ പ്രഥമ കോമണ്‍വെല്‍ത്ത് മെഡലാണിത്.

ഇന്ന് വനിതകളുടെ 10,000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി കോമണ്‍വെല്‍ത്തില്‍ പ്രിയങ്കയുടെ കന്നി മെഡല്‍ നേട്ടമാണിത്. ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം 35 ആയി. 12 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

Latest