Connect with us

Editors Pick

ഇറ്റലിയിൽ അടിമപ്പണി ചെയ്യുന്ന ഇന്ത്യക്കാര്‍!

ഇറ്റലിയിലെ വെറോണ പ്രവിശ്യയില്‍ അടിമപ്പണി ചെയ്യുകയായിരുന്ന 33 ഇന്ത്യക്കാരെ ഇറ്റാലിയൻ പോലീസ് മോചിപ്പിച്ചു.

Published

|

Last Updated

ഇറ്റലിയിലെ വെറോണ പ്രവിശ്യയില്‍ അടിമപ്പണി ചെയ്യുകയായിരുന്ന 33 ഇന്ത്യക്കാരെ ഇറ്റാലിയൻ പോലീസ് മോചിപ്പിച്ചു. ഇവരെ ദുരുപയോഗം ചെയ്തവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 13ന് ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ മാസം‌ കൈപ്പത്തി അറ്റുപോയ നിലയിൽ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സത്നാംസിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള റെയ്ഡിലായിരുന്നു നടപടി.

തൊഴിലാളികളെ ചൂഷണം ചെയ്തവരില്‍ നിന്ന് അഞ്ചുലക്ഷം യൂറോ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ വംശജരടങ്ങിയ ഒരു മാഫിയയാണ് സീസണൽ വർക്ക് പെർമിറ്റിൽ തൊഴിലാളികളെ ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 17,000 യൂറോ വീതം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബില്‍ നിന്നും മറ്റും ജോലി തേടിയെത്തുന്ന തൊഴിലാളികളിലധികം പേരും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ വന്‍ ചൂഷണത്തിനിരയാകുന്നതാണ് റിപ്പോര്‍ട്ട്.

ഒരിക്കലും ലഭിക്കാത്ത സ്ഥിരമായ വർക്ക് പെർമിറ്റിനായി 13,000 യൂറോ അധികമായി നൽകുന്നതിന് സൗജന്യമായി ജോലി തുടരാൻ മാഫിയ ചിലരോട് ആവശ്യപ്പെട്ടതായി ഇറ്റലി പോലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തില്‍ ആഴ്ചയിൽ ഏഴു ദിവസവും ദിവസേന പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയ്ത് സ്വന്തം വര്‍ക്ക് പെര്‍മ്മിറ്റിന്‍റെ കടം വീട്ടുകയായിരുന്നു ഈ തൊഴിലാളികള്‍. ഇത്തരം തൊഴിലാളികള്‍ക്ക് യാതൊരു സുരക്ഷയും തൊഴിലുടമകള്‍ നല്‍കുന്നില്ല. രോഗം, അപകടം തുടങ്ങിയ അവസരങ്ങളില്‍ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും നല്‍കാറില്ല.

സത്നാംസിംഗിന്‍റെ ദുരന്തം അത്തരത്തിലൊന്നാണ്. പച്ചക്കറി സംസ്കരണ ശാലയില്‍ വെച്ചാണ് പ്ലാസ്റ്റിക് വൈന്‍ഡിംഗ് മെഷീനില്‍ കുടുങ്ങി സത്നാമിന്‍റെ കൈപ്പത്തി അറ്റുപോകുന്നത്. വേദന കൊണ്ട് പിടഞ്ഞ സിംഗിനെ തൊഴിലുടമ വാഹനത്തില്‍ കയറ്റി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞു അദ്ദേഹത്തിന്‍റെ ഭാര്യ ഭര്‍ത്താവിനെ കണ്ടെത്തുമ്പോഴേക്കും രക്തം വാര്‍ന്ന് അവശനായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. സത്നാം സിംഗിന്റെ പേരില്‍ വിവിധയിടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളാണ് പുതിയ റെയ്ഡുകള്‍ക്കും നിയമനടപടികള്‍ക്കും നിമിത്തമായത്. അന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു‌.

ഇറ്റലിയിലെ തൊഴില്‍ രംഗം നിയന്ത്രിക്കുന്നത് അധോലോക മാഫിയകളാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. കുടിയേറ്റക്കാരും തദ്ദേശീയരുമായ കര്‍ഷകത്തൊഴിലാളികള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. ‘കാപറാലാറ്റോ ‘ എന്നാണ് ഈ കങ്കാണിത്വത്തിന്‍റെ പേര്. കുറഞ്ഞ കൂലിയും തൊഴില്‍പരമായ അവകാശലംഘനങ്ങളും ചോദ്യം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. ഇതിനിടെയുണ്ടായ ഒരു തൊഴിലാളി പ്രശ്നത്തില്‍ സര്‍ക്കാര്‍ ഈ നിയമം നിരോധിച്ചിരുന്നു.

ഇപ്പോള്‍ മോചിപ്പിച്ച ഇരകൾക്ക് സംരക്ഷണം, തൊഴിലവസരങ്ങൾ, നിയമപരമായ താമസരേഖകൾ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Latest