National
ഇന്ത്യക്കാർ യുക്രൈൻ വിടണം; മുന്നറിയിപ്പ് നൽകി എംബസി
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്രയും വേഗം യുക്രൈനില്‍ നിന്നും മടങ്ങണമെന്നും കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.
കീവ് | യുക്രൈനില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്രയും വേഗം യുക്രൈനില്‍ നിന്നും മടങ്ങണമെന്നും കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി.
യുക്രൈന്റെ തെക്കന്‍ ഖെര്‍സോണ്‍ മേഖലയില്‍ നിന്നും പതിനായിരക്കണക്കിന് പൗരരെയും ജീവനക്കാരെയും റഷ്യ ഒഴിപ്പിക്കുന്നുണ്ട്. യുക്രൈന്‍ സൈന്യം ഷെല്ലാക്രമണം നടത്താനുള്ള സാധ്യത മുന്നിൽകണ്ടാണ് നീക്കം.
എന്നാല്‍, റഷ്യ പ്രദേശവാസികളെ മനുഷ്യകവചമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും ഒഴിപ്പിക്കല്‍ നിര്‍ദേശം അവഗണിക്കണമെന്നും യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, റഷ്യയോട് ചേര്‍ന്ന യുക്രൈന്‍ മേഖലകളില്‍ സൈനികനിയമം ഏര്‍പ്പെടുത്തിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
യുക്രൈന്‍ സംഘര്‍ഷത്തിന്റെ പേരില്‍ റഷ്യയ്ക്കുമേല്‍ അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധസംഭരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ പൗരനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമാണ് പുതുതായി ഉപരോധം ഏര്‍പ്പെടുത്തിയത്.