International
ബ്രിട്ടണില്‍ അധികാരമാറ്റമെന്ന് സൂചന; ആദ്യ ഫലസൂചനകളില്‍ മുന്നേറി ലേബര്‍ പാര്‍ട്ടി
ഋഷി സുനകിന്റെ തുടര്‍ഭരണത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരം തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.
ലണ്ടന്‍ | ബ്രിട്ടണില്‍ 14 വര്‍ഷത്തിന് ശേഷം വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്കെന്ന സൂചനകള്‍ നല്‍കി ആദ്യ ഫലങ്ങള്‍. ഫലം വന്ന ആദ്യ 20 സീറ്റുകളിലും ലേബര്‍ പാര്‍ട്ടിക്കാണ് വിജയം. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിലടക്കം ലേബര്‍ പാര്‍ട്ടിയാണ് വിജയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ രാത്ര പത്ത് വരെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
വന്‍ ഭൂരിപക്ഷത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരം തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. 650 സീറ്റുകളില്‍ 400 ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇത് ശരി വെക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകള്‍ വന്നു തുടങ്ങുന്നത്. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 150 സീറ്റുകളില്‍ താഴെ മാത്രമേ കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കൂവെന്നാണ് സര്‍വേഫലങ്ങള്‍ പറയുന്നത്.
ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചാല്‍ കെയ്ര്‍ സ്റ്റാമര്‍ പ്രധാനമന്ത്രിയാകും. മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശം.ഋഷി സുനകിന്റെ തുടര്‍ഭരണത്തിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി) 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരം തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.