Connect with us

Business

ക്രിപ്‌റ്റോ സമ്പൂര്‍ണ്ണമായി നിരോധിക്കില്ലെന്ന് സൂചന; ബില്ലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും

ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള കള്ളപ്പണനിക്ഷേപവും ക്രിപ്‌റ്റോ ഉപയോഗിച്ച് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും തടയുകയാണ് സര്‍ക്കാര്‍ ഉദ്ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി| സ്വകാര്യ ക്രിപ്‌റ്റോ കറന്‍സിക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് സൂചന. ഹവാല ഇടപാടും ഭീകരവാദവും തടയാന്‍ ബില്ലിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പാര്‍ലമെന്റ് സമ്മേളനത്തില്‍ ക്രിപ്‌റ്റോ നിയന്ത്രണ ബില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോ നിയന്ത്രണബില്ല് അവതരിപ്പിച്ച് സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വന്‍ ഇടിവാണ് ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടായത്. ബിറ്റ്‌കോയിനും എഥേറിയവും അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ കോയിനുകളുടെയും മൂല്യം ഇടിഞ്ഞു. എന്നാല്‍ നിരോധനമല്ല നിയന്ത്രണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള കള്ളപ്പണനിക്ഷേപവും ക്രിപ്‌റ്റോ ഉപയോഗിച്ച് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും തടയുകയാണ് സര്‍ക്കാര്‍ ഉദ്ദേശം. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിലെ ആശങ്ക രേഖപ്പെടുത്തിയതിനൊപ്പം ക്രിപ്‌റ്റോ കറന്‍സിയില്‍ പുരോഗമനപരമായ നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. നിയന്ത്രണം മതിയെന്നും നിരോധനം ഏര്‍പ്പെടുത്തരുതെന്നുമായിരുന്നു പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയും നിലപാട്.

അതേസമയം ക്രിപ്‌റ്റോ കറന്‍സിക്ക് രാജ്യത്ത് അംഗീകാരം നല്‍കുന്നത് സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘതമുണ്ടാക്കുമെന്നാണ് ആര്‍ബിഐ നിലപാട്. ആര്‍ബിഐ നിയന്ത്രണത്തിലുള്ള ഒരു ഡിജിറ്റല്‍ കറന്‍സി വൈകാതെ പുറത്തിറങ്ങും. ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്ന് ആര്‍ബിഐ ബാങ്കുകളെ വിലക്കിയിരുന്നെങ്കിലും സുപ്രീംകോടതി ഇടപെട്ട് വിലക്ക് നീക്കുകയായിരുന്നു.

 

Latest