Connect with us

parliament election

ലോകസഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടായേക്കുമെന്നു സൂചന; ഇന്ത്യാ സഖ്യം നീക്കം ശക്തമാക്കി

നരേന്ദ്രമോഡിയുടെ ജനപ്രീതി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ട് ബി ജെ പിക്കു ബലം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടായേക്കുമെന്നു സൂചനകള്‍ പുറത്തു വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നേരത്തെ നടത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നാണു വിവരം.

80 ശതമാനം ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് പറയാന്‍ ഉള്ളത് വളരെ നല്ല അഭിപ്രായങ്ങളാണെന്നു പ്യു റിസര്‍ച് സെന്റര്‍ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജി20 ഉച്ചകോടിക്ക് മുന്നോടിയായായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും മോദിയുടെ സ്വാധീനം വര്‍ധിച്ചെന്ന് അഭിപ്രായം രേഖപ്പെടുത്തി. 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ 30,861 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 2611 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കയാണ്.

മുബൈയില്‍ നടക്കുന്ന പ്രതിപക്ഷ ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പു നേരത്തെ ഉണ്ടായേക്കുമെന്ന വിലയിരുത്തലോടെയാണു കരുക്കള്‍ നീക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ ധാരണയായി. മുംബൈയില്‍ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ നീക്കങ്ങള്‍ വേഗത്തിലാക്കും

ഇന്ത്യാ യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കണ്‍വീനറെ പ്രഖ്യാപിച്ചേക്കും. മല്ലികാര്‍ജുന്‍ ഗര്‍ഗെ, ശരദ് പവാര്‍, നിതീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസ് വഹിക്കണം എന്നാണ് ഭൂരിപക്ഷം പാര്‍ട്ടികളുടെയും നിലപാട്.

മുന്നണിയുടെ ലോഗോ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നരക്ക് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നേതാക്കള്‍ വിശദീകരിക്കും.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ നീക്കമുണ്ട്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു.

 

---- facebook comment plugin here -----

Latest