Connect with us

First Gear

ഇൻഡിഗോയുടെ പരാതി; ബിഇ 6ഇയുടെ പേര്‌ മാറ്റി മഹീന്ദ്ര

ബിഇ 6ഇ ഇനിമുതൽ ബിഇ 6 എന്ന പേരിലാകും പുറത്തിറങ്ങുക.

Published

|

Last Updated

ന്യൂഡൽഹി | മഹീന്ദ്രയുടെ അഭിമാന ഇലക്‌ട്രിക്‌ വാഹനമായ ബിഇ 6ഇ (BE 6e) പേര്‌ വിവാദത്തിൽ. പേരിലെ 6ഇ ആണ്‌ വിവാദത്തിലായത്‌. ഇതേ പേര്‌ തങ്ങൾ ഉപയോഗിക്കുന്നതായി ഇൻഡിഗോ എയർലൈൻ പരാതി നൽകിയതോടെ മഹീന്ദ്ര കാറിന്‍റെ പേരിൽ മാറ്റം വരുത്തി. ബിഇ 6ഇ ഇനിമുതൽ ബിഇ 6 എന്ന പേരിലാകും പുറത്തിറങ്ങുക.

ഐഎടിഎ (ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) കോൾ-സൈനായി 6ഇ ഉപയോഗിക്കുന്നെണ്ടാണ്‌ ഇൻഡിഗോയുടെ അവകാശവാദം. ഫ്ലൈറ്റുകളെ തിരിച്ചറിയാനായി പൈലറ്റുമാരും മറ്റും ഉപയോഗിക്കുന്ന കോഡാണ്‌ കോൾ സൈൻ. ഡൽഹി ഹൈക്കോടതിയിലാണ്‌ ഇൻഡിഗോ കേസ്‌ ഫയൽ ചെയ്‌തത്‌.

എന്നാൽ തൽക്കാലം പേരുമാറ്റിയെങ്കിലും പേരിനായി കോടതിയിൽ പോരാടുമെന്ന്‌ മഹീന്ദ്ര അറിയിച്ചിട്ടുണ്ട്‌. തങ്ങൾ ബിഇ എന്നതിനൊപ്പമാണ്‌ 6ഇ ഉപയോഗിക്കുന്നതെന്നും ഇതിലെ ഇ സ്‌മോൾ ലെറ്റർ ആണെന്നുമാണ്‌ മഹീന്ദ്രയുടെ വാദം. ഇൻഡിഗോ 6E എന്നാണ്‌ ഉപയോഗിക്കുന്നത്‌.

കഴിഞ്ഞ മാസമാണ് ബിഇ ബ്രാൻഡുകളിലെ ആദ്യ ഇലക്ട്രിക് മോഡൽ മഹീന്ദ്ര പുറത്തിറക്കിയത്. XEV 9e, BE 6e ഇലക്ട്രിക് എസ്‌യുവികളാണ് മഹീന്ദ്ര അവതരിപ്പിച്ചത്. യഥാക്രമം 18.90 ലക്ഷം രൂപ, 21.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ബോൺ-ഇവി ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.