indira gandhi co-operative hospital election
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി; സുധാകരന്റെ രാഷ്ട്രീയ വിജയമോ മമ്പറം ദിവാകരന്റെ കണക്ക് കൂട്ടലുകളിലെ പാളിച്ചയോ?
ജയമുറപ്പിച്ചാണ് മമ്പറം പാനല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍, അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പുതിയ ജനിതക മാറ്റത്തെക്കുറിച്ച് അജ്ഞനാണ് എന്ന് വേണം കരുതാന്‍. അതല്ല, തോല്‍ക്കുമെന്നുറപ്പിച്ചിട്ടും സുധാകരനെതിരെ യുദ്ധപ്രഖ്യാപനമെന്നോണമാണ് മത്സരത്തിന് ഇറങ്ങിയതെങ്കില്‍ ഒരു കാര്യം വ്യക്തമാണ്, പിക്ച്ചര്‍ അഭി ബാക്കി ഹേ!
കണ്ണൂര്‍ | കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ തലപ്പത്ത് ഇരുപത്തി എട്ട് വര്‍ഷമായി തുടരുകയായിരുന്നു മമ്പറം ദിവാകരന്‍. ഇന്ന് നടന്ന സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ ആകെ വോട്ട് ചെയ്തത് 1700 ലേറെ വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം അഥവാ പുറത്തേക്ക് പറഞ്ഞ് കേള്‍ക്കുന്ന ഡി സി സി പാനലിലെ ഓരോ സ്ഥാനാര്‍ഥിയും വിജയിച്ചത് 500 ലേറെ വോട്ടുകള്‍ക്ക്. ഔദ്യോഗികമായി ഡി സി സിയുടെ പാനല്‍ ആണെങ്കിലും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ശിപാര്‍ശയിലുമാണ് ഈ പാനല്‍ എന്നത് വ്യക്തമാണ്. കാരണം തന്റെ തന്നെ മടയില്‍ ഒരു കാലത്ത് തന്റെ സഹായിയായിരുന്ന ആളോട് ഔദ്യോഗിക വിഭാഗം പരാജയപ്പെട്ടാല്‍ തനിക്ക് ഉണ്ടാവാന്‍ പോകുന്ന പ്രതിച്ഛായ നഷ്ടത്തെക്കുറിച്ച് സുധാകരന് വ്യക്തമായി ബോധ്യം ഉണ്ടാവണം. മമ്പറത്തിന്റെ വിമത പാനലിനെതിരെ നിന്ന 12 ല്‍ 12 പേരയും സുധാകരന് വേണ്ടി കണ്ണൂരിലെ ഔദ്യോഗിക വിഭാഗം ജയിപ്പിച്ചെടുത്തു.
പ്രത്യക്ഷത്തില്‍ മമ്പറം- കെ സുധാകരന്‍ പോരായിരുന്നു കണ്ണൂരിലെ ഒരു സഹകരണ സംഘം തിരഞ്ഞെടുപ്പ് എങ്കിലും അതിന്റെ ഫലമുണ്ടാക്കിയേക്കാവുന്ന പ്രതിധ്വനികള്‍ക്ക് ആഴം വളരെ കൂടുതലായേനേ, സുധാകരന്‍ പക്ഷം പരാജയപ്പെടുകയായിരുന്നെങ്കില്‍. നിലവില്‍ തന്നെ കോണ്‍ഗ്രസില്‍ ഒരുപാട് ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ ദൈനന്തിന കാര്യങ്ങളില്‍ പോലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി നിയന്ത്രിക്കുന്ന ദേശീയ സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സഹായത്തോടെ ഈ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചും ഒതുക്കി തീര്‍ത്തും മുന്നോട്ട് പോകുകയായിരുന്നു കെ സുധാകരന്‍. എന്നാല്‍, ഇതിനിടയില്‍ വന്ന് ചേര്‍ന്ന ഇന്ദിരാ ഗാന്ധി സഹകരണ സംഘം തിരഞ്ഞെടുപ്പ് സുധാകരനെ സംബന്ധിച്ച് ഒരു പ്രധാന വെല്ലുവിളിയായിരുന്നു.
മമ്പറത്തോട് തോല്‍ക്കുക എന്നതായിരുന്നില്ല, ഒരു പക്ഷേ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ സുധാകരനെ അലട്ടിയേക്കാവുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. പകരം, തന്റെ പ്രസിഡന്റ് പദത്തില്‍ അസംതൃപ്തരായ മുതിര്‍ന്ന നേതാക്കള്‍ ഒരുപക്ഷേ അത് തനിക്കെതിരെ ഉപയോഗിച്ചേക്കാവുന്ന മാരക ആയുധമായി മൂര്‍ച്ച കൂട്ടിയേക്കും എന്ന സാധ്യതയാണ് എന്ത് വിലകൊടുത്തും സഹകരണ സംഘം ഭരണം പിടിക്കുക എന്ന നിലയിലേക്ക് സുധാകരന്‍ പക്ഷത്തെ എത്തിച്ചത്. മാത്രമല്ല, സൂധീരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ പരസ്യമായി ആക്ഷേപിച്ചിട്ടും നടപടികള്‍ ഒന്നും നേരിടേണ്ടി വരാതിരുന്ന കെ എസ് ബ്രിഗേഡിലെ പ്രധാനികളുടെ രാഷ്ട്രീയ കളരി കൂടിയായ കണ്ണൂരില്‍ ഇന്നത്തെ വിജയം സുധാകരന്‍ ഗ്രൂപ്പിന് അനിവാര്യമായിരുന്നു.
ശക്തമായ മത്സരമൊഴിവാക്കി തിരഞ്ഞെടുപ്പ് നടക്കാതെയെങ്കിലും തോല്‍വി ഒഴിവാക്കുക എന്ന തലത്തിലായിരുന്നു സുധാകരന്‍ പക്ഷം ആദ്യം ഇതിനെ സമീപിച്ചത്. അതുകൊണ്ട് തന്നെയാവണമെല്ലോ, 12 സീറ്റില്‍ ഒമ്പത്- മൂന്ന് എന്ന ഒത്തുതീര്‍പ്പ് പാനലിന് ഔദ്യോഗിക പാനല്‍ ആദ്യ ശ്രമം നടത്തിയത്. സുധാകരന്‍ ഗ്രൂപ്പിന് കാര്യമായ മേല്‍കൈ ഉള്ള കണ്ണൂരിലെ വെറുമൊരു സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വിമത പക്ഷവുമായി മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി നീക്ക് പോക്ക് നടത്താന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചു എന്ന് പറയുമ്പോള്‍ തന്നെ മമ്പറം ദിവാകരെ പാര്‍ട്ടി എത്രത്തോളം ഭയപ്പെട്ടിരുന്നു എന്ന് വ്യക്തമാണല്ലോ? എന്നാല്‍, അതിനും മമ്പറം വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് അച്ചടക്കത്തിന്റെ വാളുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് തന്നെ ദിവാകരനെ പുറത്താക്കിയത്. എന്നാല്‍, പ്രാഥമികാംഗത്വം പോലുമില്ലാത്ത തന്നെ എങ്ങനെ പുറത്താക്കുമെന്നായിരുന്നു മമ്പറം ദിവാകരന്റെ ചോദ്യം.
28 വര്‍ഷമായി തലപ്പത്തിരുന്നതിന്റേയോ, തനിക്കൊപ്പം ആളുകള്‍ ചേര്‍ന്ന് നില്‍ക്കും എന്ന മിഥ്യാധാരണയുടേയോ അമിത ആത്മവിശ്യാസത്തിന്റെ പുറത്താണ് ഡി സി സിയുടെ ഒത്ത് തീര്‍പ്പ് ഫോര്‍മുല തള്ളി മമ്പറം തിരഞ്ഞെടുപ്പിനെ സധൈര്യം അഭിമുഖീകരിച്ചത്. അന്ന് ഡി സി സി മുന്നോട്ട് വെച്ച, ഔദ്യോഗിക പാനലിലെ വെറും മൂന്ന് പേരെ മാത്രം തനിക്ക് കീഴില്‍ മത്സരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന് സഹകരണ സംഘത്തിന്റെ തലപ്പത്ത് തുടരാമായിരുന്നു. ജയമുറപ്പിച്ചാണ് മമ്പറം പാനല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍, അദ്ദേഹം കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പുതിയ ജനിതക മാറ്റത്തെക്കുറിച്ച് അജ്ഞനാണ് എന്ന് വേണം കരുതാന്‍. അതല്ല, തോല്‍ക്കുമെന്നുറപ്പിച്ചിട്ടും സുധാകരനെതിരെ യുദ്ധപ്രഖ്യാപനമെന്നോണമാണ് മത്സരത്തിന് ഇറങ്ങിയതെങ്കില്‍ ഒരു കാര്യം വ്യക്തമാണ്, പിക്ച്ചര്‍ അഭി ബാക്കി ഹേ!
ഇരുപത്തിയെട്ട് വര്‍ഷമായി തുടരുന്ന മമ്പറത്തിനെതിരെ ഒരു ഫുള്‍ പാനലിനെ, 1700 ലേറെ വോട്ടുള്ളിടത്ത് 500 വോട്ടിലേറെ ഭൂരിപക്ഷത്തിന് ജയിക്കുമ്പോള്‍, തീര്‍ച്ചയായും അത് ഔദ്യോഗി പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രഞ്ജതയുടെ വിജയമായിത്തന്നെ വകവെച്ച് കൊടുക്കണം. ഈ 1700 സി പി ഐ എമ്മിന് 200ലേറെ വോട്ടുകള്‍ ഉണ്ട്. അത് ഏത് പെട്ടിയില്‍ വീണു എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. അടുത്ത് കാലത്ത് മമ്പറം ദിവാകരന്റെ പ്രസ്താവനകള്‍ കൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിച്ചത് സി പി എം ആണെന്നിരിക്കെ സ്വാഭാവികമായും വോട്ട് പോകുമെന്ന് കരുതുക മമ്പറം പാനലിനാണ്. എന്നാല്‍, അത്തരത്തിലൊരു രാഷ്ട്രീയ കടുംകൈക്ക് അവര്‍ മുതിര്‍ന്നിട്ടുണ്ടാവുമോ എന്നതും ഒരു ചോദ്യമാണ്. കാരണം, വിമത പാനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട മമ്പറം പാനലില്‍ ഒരു ഡി സി സി ജനറല്‍ സെക്രട്ടറി കൂടെ ഉള്‍പ്പെട്ട സാഹചര്യത്തില്‍.
കണ്ണൂര്‍ ജില്ലക്കകത്തെ ഒരു തിരഞ്ഞെടുപ്പ് വിജയം കെ സുധാകരന്റെ രാഷ്ട്രീയ വിജയമായി എണ്ണപ്പെടുമ്പോല്‍ അധികമൊന്നും വിദൂരമല്ലാത്തൊരു സംഘടനാ തിരഞ്ഞെടുപ്പ് ചരിത്രവും കണ്ണൂര്‍ രാഷ്ട്രീയത്തെ അടുത്തറിയുന്നവര്‍ക്ക് ഒര്‍ത്തെടുക്കാന്‍ ഉണ്ടാകും. 1992 ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ അന്നത്തെ ഡി സി സി പ്രസിഡന്റ് എന്‍ രാമകൃഷ്ണനെ താഴയിറക്കാന്‍ സുധാകരന് വലംകൈയ്യായി നിന്നത് മമ്പറമായിരുന്നു. എന്നാല്‍, അന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രഡിറ്റ് അവകാശപ്പെട്ട് പലപ്പോഴും മമ്പറം ദിവാകരന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്‍ രാമകൃഷ്ണനോട് തനിക്കുള്ള എതിര്‍പ്പുകളെത്തുടര്‍ന്ന് കെ സുധാകരനെ ഡി സി സി പ്രസിഡന്റാക്കാന്‍ താന്‍ ശ്രമിച്ചു എന്നാണ് ദിവാകരന്റെ ഇപ്പോഴത്തേയും വാദം. 20ലധികം വോട്ടിന് അന്ന് സുധാകന്‍ തോല്‍ക്കേണ്ടതായിരുന്നു. എന്നാല്‍, തന്റെ ‘കുട്ടികള്‍’ ടൗണ്‍ ഹാള്‍ വളഞ്ഞ് നിന്നാണ് മൂന്ന് വോട്ടിന് സുധാകരനെ വിജയിപ്പിച്ചത് എന്നാണ് മമ്പറത്തിന്റെ അവകാശവാദം. ക്രഡിറ്റ് ആര്‍ക്ക് അവകാശപ്പെട്ടതായാലും അന്ന് നടന്ന് സംഘടനാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വിരുദ്ധത ഉണ്ടായിരുന്നു എന്ന് പഴയകാല കോണ്‍ഗ്രസുകാര്‍ ഇന്ന് സമ്മതിക്കും. അന്ന് ദിവാകരന്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിച്ചു. പിന്നീട് അങ്ങോട്ട് കലുഷിതമയിരുന്നു കണ്ണൂര്‍ രാഷ്ട്രീയ മൊത്തത്തലും പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയവും. സംഘടനാപരമായും ജനസമ്മതിയുടെ കാര്യത്തിലും അധികാരത്തിന്റെ കാര്യത്തിലും സുധാകരന്റെ മുന്‍വലംകൈ ഒറ്റപ്പെടുമ്പോള്‍ അയാളില്‍ നിന്നും ഏത് തരത്തലുള്ള പ്രതികരണം ഉണ്ടാവും എന്ന് നോക്കിയിരുന്ന് തന്നെ കാണണം. പൊട്ടിത്തെറികള്‍ ആണെങ്കില്‍ അതിനെ ഇന്നത്തെ കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം എങ്ങനെ നേരിടുമെന്നും. അതല്ല, നിശബ്ദനായി ഇരിക്കാനാണ് മമ്പറം താത്പര്യമെടുക്കുന്നതെങ്കില്‍ രാഷ്ട്രീയമായി മാത്രമായിരിക്കില്ല അദ്ദേഹത്തിന്റെ വനവാസം പൂര്‍ണ്ണമാവുക!