Kerala
പത്തനംതിട്ടയില്‍ അവധി നല്‍കാത്തതില്‍ കലക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം; രക്ഷിതാക്കളെ വിളിച്ചുവരുത്തി കലക്ടര്‍ പ്രേം കൃഷ്ണന്‍
അവധി നല്‍കാത്ത കലക്ടര്‍ രാജിവെക്കണമെന്നും അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും ഇതെന്നും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് കലക്ടര്‍ക്ക് ലഭിക്കുന്നത്.
പത്തനംതിട്ട |പത്തനംതിട്ടയില്‍ മഴ അവധി പ്രഖ്യാപിക്കാത്തതില്‍ കലക്ടര്‍ക്കുനേരെ അസഭ്യ വര്‍ഷവും ആത്മഹത്യാ ഭീഷണി സന്ദേശങ്ങളും. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരാറുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ പറയുന്നത്. കലക്ടറുടെ ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം പേജിലും പേഴ്‌സണല്‍ അക്കൗണ്ടിലും അവധി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ എണ്ണമറ്റ സന്ദേശങ്ങളാണ് വരുന്നത്. അവധി നല്‍കാത്ത കലക്ടര്‍ രാജിവെക്കണമെന്നും അവധി തന്നില്ലെങ്കില്‍ സ്‌കൂളില്‍ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും ഇതെന്നും ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് കലക്ടര്‍ക്ക് ലഭിക്കുന്നത്.
എന്നാല്‍ സഭ്യമില്ലാത്ത സന്ദേശങ്ങള്‍ വന്നതോടെ കലക്ടര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടുകയും സന്ദേശം അയച്ച വിദ്യാര്‍ഥിയെ കണ്ടെത്തുകയും ചെയ്തു.കൊച്ചുകുട്ടിയാണ് സന്ദേശത്തിന് പിന്നില്ലെന്ന് മനസിലായതോടെ കലക്ടര്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം വിശദീകരിച്ചു. കുട്ടി ഇങ്ങനെ ചെയ്തത് അറിയാതിരുന്ന രക്ഷിതാക്കള്‍ സംഭവം വിശദീകരിച്ചതോടെ അന്തംവിട്ടു പോയെന്നുമാണ് കലക്ടര്‍ പറയുന്നത്. ഇത്തരം സഭ്യമല്ലാത്ത രീതിയില്‍ ഫോണ്‍കോളോ മറ്റ് സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനിയും കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം കലക്ടര്‍ എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രേം കൃഷ്ണന്‍ പറഞ്ഞു.മിക്ക കലക്ടര്‍മാരുടെ പേജുകളിലും അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ ബഹളം സ്ഥിരം കാഴ്ച്ചയാണെന്നും ഇത്തരം പ്രവര്‍ത്തിയിലൂടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തരുതെന്നും പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു.