Connect with us

International

ഗസ്സയില്‍ വിവേചനരഹിതമായ ആക്രമണം; ഇസ്‌റാഈലിന്റെ ലോകപിന്തുണ നഷ്ടമാകുന്നതായി ജോ ബൈഡന്‍

ബെഞ്ചമിന്‍ നെതന്യാഹു തന്റെ തീവ്ര സര്‍ക്കാരിനെ മാറ്റേണ്ടതുണ്ടെന്നും ബൈഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍  | ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗസ്സയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്‌റാഈലിന്റെ ലോക പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് ജോ ബൈഡന്‍ പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന ഒരു പ്രചാരണ ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധത്തില്‍ അമേരിക്ക ഇസ്‌റാഈലിന് ഒപ്പമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പറഞ്ഞതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രസ്താവന. ഇതാദ്യമായാണ് ബൈഡന്‍ ഇസ്‌റാഈലിനെതിരെ പറയുന്നത്. ബെഞ്ചമിന്‍ നെതന്യാഹു തന്റെ തീവ്ര സര്‍ക്കാരിനെ മാറ്റേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

അതേസമയം ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ കുടുംബാംഗങ്ങളെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കാന്‍ ജോ ബൈഡന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെയടക്കമുള്ള ആക്രമണം ഇസ്‌റാഈല്‍ സേന തുടരുകയാണ്. ഔദ ആശുപത്രിയില്‍ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി എന്നാണ് വിവരം. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം 18205 ആയി. അരലക്ഷത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Latest