Connect with us

From the print

അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യ-ചൈന സൈനിക പട്രോളിംഗ് പുനരാരംഭിച്ചു

സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയ ഇന്ത്യയും ചൈനയും ദീപാവലി മധുരം കൈമാറി. യഥാര്‍ഥ നിയന്ത്രണ രേഖയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മധുരപലഹാരം കൈമാറി. ലഡാക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ദെപ്‌സാംഗിലും ദെംചോക്കിലും സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെ മേഖലയില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ പട്രോളിംഗ് പുനരാരംഭിച്ചു.

സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതാണ് നടപടി. ദെംചോക്കിലെയും ദെപ്‌സാംഗിലെയും പട്രോളിംഗ് പരസ്പരം ഏകോപിപ്പിച്ചാണ് നടത്തുന്നത്. സൈനികരുടെ എണ്ണത്തിലും ചുമതലകളെ അടിസ്ഥാനമാക്കിയുള്ള ദൂരത്തിലും ധാരണയുണ്ട്.

പിന്മാറ്റ പ്രക്രിയയുടെ ഭാഗമായുള്ള താത്കാലിക കൂടാരങ്ങള്‍ നീക്കം ചെയ്യല്‍ ഇരുപക്ഷവും ഉറപ്പാക്കുന്നുണ്ട്. പ്രാദേശിക കമാന്‍ഡര്‍തല ചര്‍ച്ചകള്‍ തുടരുമെന്ന് ഇരു വിഭാഗവും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്മാറ്റ പ്രക്രിയയുടെ ഭാഗമായുള്ള പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചും നേരിട്ടുമാണ് പരിശോധന നടത്തുന്നത്. നാലര വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ നിലനിന്ന നിയന്ത്രണ രേഖയിലെ തര്‍ക്കങ്ങളില്‍ പരിഹാരം ഉണ്ടാകുന്നത്.

 

Latest