Connect with us

Malappuram

ഇന്തോനേഷ്യന്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; അന്താരാഷ്ട്ര നേട്ടം കൈവരിച്ച് മഅ്ദിന്‍ സാദാത്ത് വിദ്യാര്‍ഥികള്‍

സയ്യിദ് മുബഷിര്‍ ഹാദി ഉപ്പള, സയ്യിദ് അഹ്മദ് സുഹൈല്‍ മഷ്ഹൂര്‍ കുറ്റൂര്‍ എന്നീ വിദ്യാര്‍ഥികളാണ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Published

|

Last Updated

സ്വലാത്ത് നഗര്‍ | ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി ഇന്തോനേഷ്യയിലെത്തി മഅ്ദിന്‍ സാദാത്ത് വിദ്യാര്‍ഥികള്‍. സയ്യിദ് മുബഷിര്‍ ഹാദി ഉപ്പള, സയ്യിദ് അഹ്മദ് സുഹൈല്‍ മഷ്ഹൂര്‍ കുറ്റൂര്‍ എന്നീ വിദ്യാര്‍ഥികളാണ് ഇന്തോനേഷ്യയിലെ പ്രശസ്ത ഗവണ്‍മെന്റ് സര്‍വകലാശാലയായ യൂണിവേഴ്സിറ്റാസ് നെഗരി ജക്കാര്‍ത്ത നടത്തുന്ന ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 11 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.

പ്രോഗ്രാമിന്റെ ഭാഗമായി ഇന്തോനേഷ്യയിലെ ആറ് പ്രമുഖ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, അറബിക് ലിംഗ്വിസ്റ്റിക്സ്, ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അക്കാദമിക് ലക്ച്ചറുകള്‍ക്കും ട്രെയിനിങ് സെഷനുകള്‍ക്കും നേതൃത്വം നല്‍കും. വിവിധ പൈതൃക നഗരങ്ങളിലെ കള്‍ച്ചറല്‍ വിസിറ്റിലും പങ്കെടുക്കും. പ്രോഗ്രാമില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അവസരം ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര മികവുപുലര്‍ത്തുന്ന മഅ്ദിന്‍ അക്കാദമിയുടെ സാന്നിധ്യം പ്രോഗ്രാമിന്റെ മാറ്റുകൂട്ടുമെന്ന് യൂണിവേഴ്സിറ്റി അക്കാദമിക് വിഭാഗം അഭിപ്രായപ്പെട്ടു. കാസര്‍കോട് ഉപ്പളയിലെ സയ്യിദ് അഷറഫ് തങ്ങള്‍-റഹ്മത്ത് ബീവി ദമ്പതികളുടെ മകനാണ് സയ്യിദ് മുബഷിര്‍ ഹാദി. മലപ്പുറം കുറ്റൂരിലെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍-റംല ബീവി ദമ്പതികളുടെ മകനാണ് സയ്യിദ് സുഹൈല്‍ മഷ്ഹൂര്‍. മഅ്ദിന്‍ സാദാത്ത് അക്കാദമിയില്‍ പഠനം പൂര്‍ത്തീകരിച്ച ഇരുവരും നിലവില്‍ മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്‌ലാമിക് സയന്‍സിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്.

ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇരുവരെയും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ അഭിനന്ദിച്ചു.

 

Latest