Connect with us

Kerala

വ്യവസായ വികസനം: സി പി എം മാറ്റം വരുത്തിയെന്ന നിലപാടിലുറച്ച് തരൂര്‍; യു ഡി എഫ് സര്‍ക്കാരുകളെ പ്രകീര്‍ത്തിച്ചും പുതിയ എഫ് ബി കുറിപ്പ്

'ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ കാലത്തും വ്യവസായ മേഖലയില്‍ പുരോഗതി.'

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട നയങ്ങളില്‍ സി പി എം മാറ്റം വരുത്തിയെന്ന നിലപാടില്‍ ഉറച്ചുനിന്ന് ശശി തരൂര്‍. എന്നാല്‍, ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ കാലത്തും വ്യവസായ മേഖലയില്‍ പുരോഗതിയുണ്ടായെന്ന് വ്യക്തമാക്കിക്കൊണ്ട് തരൂര്‍ അഭിപ്രായം അല്‍പം മയപ്പെടുത്തിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പുതുതായി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തരൂരിന്റെ വിശദീകരണം.

ആദ്യമായി കേരളത്തില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തിയത് ആന്റണി സര്‍ക്കാരാണെന്ന് കുറിപ്പില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും വ്യവസായ മേഖലയില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.

സി ഡബ്ല്യു സി അംഗം എന്ന നിലയില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് തരൂരിന് പരാതിയുണ്ട്. കെ പി സി സി അവഗണിക്കുന്നതില്‍ അസ്വസ്ഥനാണ് തരൂര്‍.

തരൂരിന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്:
ഇന്ത്യന്‍ എക്‌സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഞാന്‍ ഈ ലേഖനം കേരളത്തിലെ ഒരു എംപി എന്ന നിലയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം- ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയില്‍ തന്നെ ഇതിന് തുടക്കം കുറിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

എന്നാല്‍, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂര്‍ണ്ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പല വട്ടം ഞാന്‍ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഉയര്‍ന്ന തൊഴില്‍ക്ഷാമം, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേയ്ക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബ്ബര്‍, കശുമാവ്, റബ്ബര്‍ മുതലായ മേഖലകളില്‍), കൂടാതെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന കടബാധ്യതയും എന്നിവ ഉള്‍പ്പെടെ. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണ്ടിയിരിയ്ക്കുന്നു. എന്നാല്‍, എവിടെയെങ്കിലും ഒരു മേഖലയെങ്കില്‍ ആശാവഹമായ ഒരു മാറ്റം കാണുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.

ഞാന്‍ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് ആണ്; അതില്‍ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേര്‍ത്ത് തന്നെയാണ് എന്റെ ആശയവിനിമയം. അവസാനമായി ഒരു അഭ്യര്‍ത്ഥന: ലേഖനം വായിച്ചിട്ട് മാത്രമേ അഭിപ്രായമൊന്നും പറയാവൂ! പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതില്‍ ഇല്ല, കേരളം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുവരാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണ് പലതവണ ഞാന്‍ പറഞ്ഞിട്ടുള്ളതും.

 

 

 

 

 

 

Latest