Dubai Expo 2020
എക്സ്പോ ഒരുക്കങ്ങൾക്ക് ദുബൈ സന്ദർശിക്കാൻ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര അനുമതിയില്ല; പ്രതിഷേധിച്ച് കേരളം
കൃത്യമായ കാരണം പറയാതെയാണ് അനുമതി നിഷേധിച്ചത്.
തിരുവനന്തപുരം | ദുബൈയിൽ പുരോഗമിക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി
യു എ ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
ഡോ.കെ ഇളങ്കോവൻ, ഡയറക്ടർ എസ് ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. നടപടി പ്രതിഷേധാർഹമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബൈ സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാറിനെ അറിയിക്കുകയായിരുന്നു. കൃത്യമായ കാരണം പറയാതെയാണ് അനുമതി നിഷേധിച്ചത്. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോയിലെ പവലിയൻ തയ്യാറാക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി ആറ് വരെയാണ് കേരള പവലിയൻ പ്രവർത്തിക്കുക. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്സ്പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എക്സ്പോയിൽ സജീവമായി പങ്കെടുക്കണം എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് വിദേശമന്ത്രാലയം നിഷേധാത്മക സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----