National
ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറ്റ ശ്രമം; അഞ്ച് ഭീകരരെ വധിച്ചു
കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ചു ലശ്കറെ ത്വയ്ബ ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയില്‍ വെച്ച് ഉണ്ടായ ഏറ്റ്മുട്ടലില്‍ പോലീസും സൈന്യവും ചേര്‍ന്നാണ് ഇവരെ വധിച്ചത്.കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു. പ്രാദേശിക റിക്രൂട്ട്‌മെന്റുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ എണ്ണം വീണ്ടും വര്‍ധിച്ചു.
ഈ വര്‍ഷം കേന്ദ്രഭരണപ്രദേശത്ത് കൊല്ലപ്പെട്ട 46 ഭീകരരില്‍ 37 പേര്‍ പാകിസ്ഥാനികളാണെന്നും ഒമ്പത് പേര്‍ മാത്രമാണ് തദ്ദേശീയരെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ 33 വര്‍ഷത്തെ ഭീകരാക്രമണങ്ങള്‍ക്കിടെ, ഇതാദ്യമായാണ് തദ്ദേശീയ ഭീകരരുടെ നാലിരട്ടി വിദേശ ഭീകരര്‍ കൊല്ലപ്പെടുന്നതെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു