Articles
അതിരുകളില്ലാത്ത തിരുനബിയാവിഷ്‌കാരങ്ങള്‍
നബിസ്നേഹത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ലാത്ത വിശ്വാസികള്‍ റബീഉല്‍ അവ്വലിന്റെ ആഗമനം മുതല്‍ അത്യധികം സന്തോഷത്തിലാണ്. നാടുകളിലും മഹല്ലുകളിലും മദ്റസകളിലും അവര്‍ക്ക് സാധിക്കും വിധം ആ സ്നേഹം ആവിഷ്‌കരിക്കാന്‍ അവര്‍ ഉത്സാഹിച്ചു. ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള മൗലിദുകളും പ്രകീര്‍ത്തന കാവ്യങ്ങളും പരിചയപ്പെടുത്തി വീണ്ടുമൊരു അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് വേദിയാകുകയാണ് കോഴിക്കോട്.
കാലത്തിന്റെ ദൈര്‍ഘ്യം കൊണ്ട് പലരും വിസ്മരിക്കപ്പെടുമ്പോള്‍ വീണ്ടും വീണ്ടും ശക്തിപ്രാപിക്കുന്ന ഓര്‍മകളാണ് തിരുദൂതരുടേത്. റബീഉല്‍ അവ്വല്‍ പിറക്കുമ്പോള്‍ അത് കൂടുതല്‍ സജീവമാകുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഓര്‍ക്കുകയും പിന്നെ മറക്കുകയും ചെയ്യുന്നതല്ല ആ സ്മരണകള്‍. വിശ്വാസികളുടെ ഹൃദയത്തിലും നാവിലും ചലന-നിശ്ചലനങ്ങളിലും സദാ സമയം ഉദിച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന ദര്‍ശനങ്ങളും അധ്യാപനങ്ങളും മൊഴികളുമാണ് തിരുനബി(സ)യുടേത്. വിശ്വാസി ഒരു പ്രവര്‍ത്തനം ചെയ്യാനൊരുങ്ങുമ്പോള്‍ അത് നല്ലതാണോ ചീത്തയാണോ എന്നന്വേഷിക്കുന്നത് തിരുനബി(സ)യുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാണ്. അങ്ങനെ അവന്റെ ജീവിതത്തെയാകെ സ്വാധീനിക്കുന്ന തിരുനബി(സ)യുടെ ജന്മനാളെത്തുമ്പോള്‍ അവന് സന്തോഷിക്കാതിരിക്കാനാകില്ല. മുസ്ലിമിന്റെ മതപരമായ ആഘോഷങ്ങളെല്ലാം ആരാധനയാണ് എന്നതിനാല്‍ തന്നെ അത്യധികം പവിത്രതയോടെയും ഭക്ത്യാദരവോടെയുമാണ് നബിദിന അനുബന്ധ ആഘോഷങ്ങളെ വിശ്വാസി സമൂഹം കാണുന്നത്. മധുരം വിതരണം ചെയ്യലും പാട്ട് പാടലും ഘോഷയാത്ര നടത്തലും ദഫ് മുട്ടലും മാത്രമല്ല ഇവിടെ നടക്കുന്നത്. അതെല്ലാം ബാഹ്യ ആവിഷ്‌കാരങ്ങളാണ്. അതേസമയം തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ പിന്‍പറ്റാനും അവിടുത്തെ സന്ദേശങ്ങള്‍ വിളംബരം ചെയ്യാനും ജീവിതവും ദര്‍ശനവും പ്രചരിപ്പിക്കാനും നബിദിനം അവസരമൊരുക്കുന്നുണ്ട്. കൂടുതല്‍ സ്വലാത്തുകള്‍ ചൊല്ലാനും ഹദീസുകള്‍ അടുത്തറിയാനും വേദിയൊരുക്കുന്നുമുണ്ട്. അതെല്ലാം സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ലല്ലോ.
തിരുനബിയോര്‍മയെ തിരസ്‌കരിക്കുന്ന, വെറുക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ഈ നിലപാടിന്റെ ന്യായം ബുദ്ധിയുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. നബിസ്നേഹം വിശ്വാസത്തിന്റെ തന്നെ ഭാഗമായിരിക്കെ എങ്ങനെയാണ് ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടാന്‍ വെമ്പുന്നവര്‍ക്ക് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സാധിക്കുക? വിശുദ്ധ ഖുര്‍ആന്‍ ആരാധനകളും തത്ത്വസംഹിതകളും ന്യായോപദേശങ്ങളുമാണെന്ന് പറയുമ്പോള്‍ തന്നെ മുന്‍കാല പ്രവാചകന്മാരുടെയും മഹാന്മാരുടെയും മാതൃകകള്‍ അത് വിവരിക്കുന്നുണ്ടല്ലോ? അവരുടെ ജനനവും ജീവിതവും മരണവും യാത്രയും വിശ്രമവും മറ്റു ചലനങ്ങളും ഓര്‍ത്തെടുക്കാനും പിന്തുടരാനും ഉപദേശിക്കുന്നുമുണ്ട്. ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ അതെല്ലാം അടങ്ങിയിരിക്കുന്നു. ഖുര്‍ആനിന്റെ ഇതേ രീതിയാണ് മുസ്ലിം ഉമ്മത്ത് മൗലിദ് ആചരണത്തിലൂടെ പിന്തുടരുന്നത്. വ്യക്തികളെയും അവരുടെ ജീവിതത്തെയും പുതിയ തലമുറകള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് മൗലിദിന്റെ ലക്ഷ്യമെങ്കില്‍ ഖുര്‍ആന്‍ തന്നെയാണ് മൗലിദ് പാരായണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവലംബവും തെളിവും.
വാക്കിലോ പ്രവര്‍ത്തനത്തിലോ അരുതാത്തതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആ നേതാവിനെ കുറിച്ച് ഉറപ്പുള്ള സമുദായം സ്വലാത്തുകളിലൂടെയും മദ്ഹുകളിലൂടെയും വീട്ടിലും ഓഫീസിലും പള്ളിയിലും ജോലി സ്ഥലങ്ങളിലും തിരുദൂതരെ അനുസ്മരിക്കുന്നു. അതുകേട്ട് വളരുന്ന പുതിയ തലമുറകള്‍ പ്രവാചക സ്‌നേഹത്തിന്റെ പാഠശാലകള്‍ക്ക് സാക്ഷിയാകുന്നു. അവര്‍ നബി(സ)യെ ആഴത്തില്‍ അറിയാന്‍ ശ്രമിക്കുന്നു. തിരുനബിയുടെ നന്മ നിറഞ്ഞ സമീപനങ്ങളെ, കാരുണ്യത്തെ, പ്രകൃതിയോടും സഹജീവികളോടുമുള്ള ഇടപെടലുകളെയെല്ലാം ഇങ്ങനെയാണ് സമൂഹം അറിയുന്നത്. അവര്‍ ഇസ്ലാമിനോട് ആഭിമുഖ്യമുള്ളവരായി വളരുന്നു. ഇതാണ് മൗലിദിന്റെ തത്ത്വശാസ്ത്രം.
ഇസ്ലാമിലേക്ക് പ്രവേശിക്കുന്നവര്‍ ഉരുവിടുന്ന പ്രധാനപ്പെട്ട രണ്ട് വാക്യങ്ങളില്‍ ഒന്ന് തിരുനബി(സ)യുടെ രിസാലത്ത് അംഗീകരിക്കലാണ്. തിരുദൂതര്‍(സ) കൊണ്ടുവന്ന എല്ലാ ആശയങ്ങളും സത്യമാണെന്ന് അംഗീകരിക്കുമ്പോള്‍ മാത്രമാണ് വിശ്വാസം പൂര്‍ണമാകുന്നത്. ഏറ്റവും മഹത്വവും അന്തസ്സുമുള്ള കുടുംബ പരമ്പരയില്‍ ജനിച്ച്, പാപം ചെയ്യാത്ത വിശുദ്ധ ജീവിതം നയിച്ച് പരിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് ഓതിക്കേള്‍പ്പിച്ചു. അത് ജീവിതത്തില്‍ വരച്ചു കാണിച്ചു. ഇരുട്ടില്‍ കഴിയുകയായിരുന്ന സമൂഹങ്ങളെ വെളിച്ചത്തിലേക്കു നയിച്ചു. വിദ്യാഭ്യാസവും വായനയും സാര്‍വത്രികമാക്കി. നീതിയും ന്യായവും നടപ്പാക്കി. സത്യത്തിനു വേണ്ടി ജീവിച്ചു. സമ്പത്ത് ആഗ്രഹിച്ചില്ല. പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കി. യത്തീമുകളെ വളര്‍ത്തി. സ്ത്രീകള്‍ക്ക് ശക്തി പകര്‍ന്നു. ദുര്‍ബല വിഭാഗത്തെ പ്രബലരാക്കി പരിവര്‍ത്തനപ്പെടുത്തി. ഈ ചരിതങ്ങളാണ് മൗലിദിലൂടെ നാടാകെ കേള്‍ക്കുന്നതും വായിക്കുന്നതും.
നമ്മുടെ തലമുറക്ക് തിരുനബി(സ)യുടെ ജന്മദിനാഘോഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും സ്നേഹാവിഷ്‌കാരങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുന്നതിലും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നിര്‍വഹിച്ച പങ്ക് ചെറുതല്ല. വിദേശ യാത്രകള്‍ കഴിഞ്ഞുവരുമ്പോള്‍ ആ യാത്രകളില്‍ കണ്ട നല്ല മാതൃകകള്‍, ദീനിനും സമൂഹത്തിനും ഉപകരിക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഉസ്താദിന്റെ പതിവാണ്. പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നിടത്തോളം നടപ്പാക്കുകയും ചെയ്യും. നമ്മുടെ നാടുകളിലെ മസ്ജിദുകളുടെ ആധുനിക നിര്‍മാണ രീതിയിലും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടനയിലുമെല്ലാം ഉസ്താദിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നതിനും വഴിയൊരുക്കിയത് ഉസ്താദിന്റെ യാത്രകളാണ്. ഈജിപ്തിലെ കൈറോയിലും അമേരിക്കയിലെ ലോസ് ആഞ്ചലസിലും ഉസ്താദ് പങ്കെടുത്ത മൗലിദ് സദസ്സുകളുടെ വൈപുല്യവും ഗാംഭീര്യവും പലതവണ ഉസ്താദ് പങ്കുവെച്ചിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്നാണ് നമ്മുടെ നാട്ടിലും വിവിധ രാജ്യങ്ങളിലെ പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീര്‍ത്തന സംഘങ്ങളെയും അണിനിരത്തി മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കണമെന്ന ആശയം മുളപൊട്ടുന്നത്. അങ്ങനെയാണ് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ 2004ല്‍ വലിയ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും മീലാദ് സമ്മേളനവും സംഘടിപ്പിക്കുന്നത്. അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി സംബന്ധിച്ച വലിയ സമ്മേളനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ നഅ്ത് സംഘങ്ങളും പണ്ഡിതരുമെല്ലാം സംബന്ധിച്ച വേദി. ലോകപ്രശസ്ത പണ്ഡിതരുടെ സാന്നിധ്യവുമുണ്ട്. പ്രസ്തുത പരിപാടിയുടെ വൈപുല്യമെന്നോണമാണ് പിന്നീട് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കോഴിക്കോട് വെച്ച് 2008 മുതല്‍ ഇന്റര്‍നാഷനല്‍ മീലാദ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. മര്‍കസും എസ് വൈ എസും പിന്നീട് കേരള മുസ്ലിം ജമാഅത്തുമെല്ലാം ഒരുമിച്ചാണ് ഈ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയത്.
ലോകത്ത് അറിയപ്പെട്ട പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീര്‍ത്തന ട്രൂപ്പുകളെയുമെല്ലാം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഈ സമ്മേളനങ്ങളാണ്. കേരളത്തില്‍ മാത്രമല്ല മീലാദ് ആഘോഷമുള്ളതെന്നും ലോകത്തെ വിവിധ വന്‍കരകളിലും മീലാദ് അലയൊലികള്‍ ഉണ്ടെന്നും ജനം മനസ്സിലാക്കിത്തുടങ്ങിയത് ഈ സമ്മേളനങ്ങളിലൂടെയാണ്. ഇതോടെ മലബാറില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരാചാരമാണ് മൗലിദ് എന്ന പുത്തനാശയക്കാരുടെ വാദം അപ്രസക്തമായി. മര്‍കസിന്റെ ആഗോള ബന്ധങ്ങളുടെ ചാലകമായി പ്രവര്‍ത്തിച്ചിരുന്ന മര്‍ഹൂം ഡോ. ഉമര്‍ അബ്ദുല്ല കാമില്‍ ആയിരുന്നു പല അന്തര്‍ദേശീയ അതിഥികളെയും നമുക്ക് പരിചയപ്പെടുത്തി തന്നിരുന്നത്. വിശ്വാസികളില്‍ വലിയ ഹുബ്ബും ആവേശവും നിറക്കാന്‍ കോഴിക്കോട് കടപ്പുറത്തും സ്വപ്ന നഗരിയിലുമെല്ലാം നടത്തിയിരുന്ന മീലാദ് കോണ്‍ഫറന്‍സുകളിലൂടെ സാധിച്ചിട്ടുണ്ട്.
നിരന്തരമുള്ള മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, തിരുനബി(സ)യുടെ ചര്യകള്‍ പകര്‍ത്താനുള്ള ആഹ്വാനങ്ങള്‍, സ്വലാത്തുകളുടെ വ്യാപനത്തിന് വേണ്ടിയുള്ള ഇടപെടലുകള്‍, ഗ്രന്ഥ രചനകള്‍ തുടങ്ങി നബിസ്‌നേഹ സംബന്ധമായി സുല്‍ത്വാനുല്‍ ഉലമ നിര്‍വഹിച്ച, ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അനേകമുണ്ട്. മര്‍കസിലെ വിദ്യാര്‍ഥികള്‍ക്ക് ബുഖാരി ഹദീസ് ദര്‍സെടുക്കുന്ന സമയമാണ് ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം ലഭിക്കുന്ന വേളകളിലൊന്നായി ഉസ്താദ് കാണുന്നത്. കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി ഏത് തിരക്കുകള്‍ക്കിടയിലും ഈ പതിവ് ഉസ്താദ് മുടക്കാറില്ല. സ്വഹീഹുല്‍ ബുഖാരിക്ക് തന്നാലാകുന്ന സേവനം എന്ന നിലയില്‍ രചിച്ച ‘തദ്കീറുല്‍ ഖാരി’ എന്ന വ്യാഖ്യാന ഗ്രന്ഥം, റിയാദിലെ ജയില്‍വാസകാലത്ത് മോചനമാഗ്രഹിച്ച് റസൂല്‍(സ)യുടെ ജന്മത്തില്‍ സന്തോഷിക്കേണ്ടതിന്റെ പ്രാധാന്യം വിവരിച്ചെഴുതിയ ‘ഇള്ഹാറുല്‍ ഫര്‍ഹി വസുറൂര്‍’, ‘അര്‍റൗളുല്‍ മൗറൂദ് ഫീ മൗലിദി സയ്യിദില്‍ വുജൂദ്’ എന്ന മൗലിദ് കിതാബ് തുടങ്ങിയ സുല്‍ത്വാനുല്‍ ഉലമയുടെ രചനകളും അതിവിശിഷ്ടം തന്നെ.
നബിസ്നേഹത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ലാത്ത വിശ്വാസികള്‍ റബീഉല്‍ അവ്വലിന്റെ ആഗമനം മുതല്‍ അത്യധികം സന്തോഷത്തിലാണ്. നാടുകളിലും മഹല്ലുകളിലും മദ്റസകളിലും അവര്‍ക്ക് സാധിക്കും വിധം ആ സ്നേഹം ആവിഷ്‌കരിക്കാന്‍ അവര്‍ ഉത്സാഹിച്ചു. ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള മൗലിദുകളും പ്രകീര്‍ത്തന കാവ്യങ്ങളും പരിചയപ്പെടുത്തി, തിരുനബി(സ)യുടെ ജീവിതവും ദര്‍ശനവും വിളംബരം ചെയ്ത് വീണ്ടുമൊരു അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് വേദിയാകുകയാണ് കോഴിക്കോട്. സുല്‍ത്വാനുല്‍ ഉലമയുടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണവും അറബ് മൗലിദ് സംഘങ്ങളുടെ അവതരണങ്ങളും വിദേശ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും നമ്മുടെ ഉലമാക്കളുടെയും സാദാത്തുക്കളുടെയും സംഗമവേദിയുമായ മീലാദ് സമ്മേളനം നല്ലൊരനുഭവമാകാന്‍ തിരുനബി സ്നേഹികള്‍ ഏവരും ഒരുമിക്കേണ്ടതുണ്ട്. തിരുനബി(സ)യെ സ്നേഹിച്ചു വിജയിക്കുന്ന വിശ്വാസികളുടെ കൂട്ടത്തിലാകട്ടെ നമ്മുടെയും ഇടം.