National
ഇന്‍ഫിനിക്സ് സീറോ 5ജി ഫെബ്രുവരി 14ന് ഇന്ത്യയിലെത്തും
ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഇന്‍ഫിനിക്സ് സീറോ 5ജി രാജ്യത്ത് വില്‍പ്പനയ്ക്കെത്തുക.
ന്യൂഡല്‍ഹി| ഇന്ത്യയില്‍ ജനകീയമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആണ് ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സിന്റെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ സീറോ 5ജി ഫെബ്രുവരി 14ന് രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്‍ഫിനിക്‌സ് സീറോ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ അവതരണം. ഫ്‌ളിപ്പ്കാര്‍ട്ടിലെ മൈക്രോസൈറ്റാണ് അവതരണം സംബന്ധിച്ച സൂചന നല്‍കിയത്. പിന്നാലെ ഇന്‍ഫിനിക്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ലോഞ്ച് ദിവസവും സമയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഇന്‍ഫിനിക്സ് സീറോ 5ജി രാജ്യത്ത് വില്‍പ്പനയ്ക്കെത്തുക. ഫ്‌ളിപ്പ്കാര്‍ട്ടില്‍ മാത്രമാണ് വില്‍പ്പന നടക്കുകയെന്നും ഇന്‍ഫിനിക്‌സ് ഔദ്യോഗികമായി അറിയിച്ചു. ഇന്‍ഫിനിക്സ് സീറോ 5ജിയുടെ മുന്‍വശത്ത് കാമറ സെന്‍സര്‍ സ്ഥാപിക്കുന്നതിനായി ഡിസ്‌പ്ലേയില്‍ ഒരു പഞ്ച് ഹോള്‍ കട്ട്ഔട്ട് ഉണ്ട്. പിന്‍ പാനലില്‍ ട്രിപ്പിള്‍ കാമറ സംവിധാനം ആണ് പ്രതീക്ഷിക്കുന്നത്. കാമറ മൊഡ്യൂളില്‍ ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്ലൈറ്റുകളും ഉണ്ട്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്‍ഫിനിക്സ് സീറോ 5ജി 6.67 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍ ഡിസ്‌പ്ലേ ഫീച്ചര്‍ ചെയ്യുന്നു. 120 ഹെര്‍ട്‌സിന്റെ ഉയര്‍ന്ന റിഫ്രഷ് റേറ്റും ഇന്‍ഫിനിക്സ് സീറോ 5ജിയുടെ പ്രത്യേകതയാണ്. മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റാണ് സീറോ 5ജിയുടെ കരുത്ത്. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും കൂടാതെ സ്റ്റോറേജ് വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഇന്‍ഫിനിക്സ് സീറോ 5ജിയില്‍ പ്രതീക്ഷിക്കുന്നു.
5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇന്‍ഫിനിക്സ് സീറോ 5ജി സ്മാര്‍ട്ട്ഫോണില്‍ കമ്പനി നല്‍കുക. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണില്‍ പ്രതീക്ഷിക്കാം. ഇന്‍ഫിനിക്സിന്റെ സിഇഒ അനീഷ് കപൂര്‍ തങ്ങളുടെ ആദ്യ 5ജി സ്മാര്‍ട്ട്‌ഫോണ്‍ 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇത്രയധികം ഫീച്ചറുകളും മറ്റുമായി 20,000 രൂപയില്‍ താഴെ വിലയുമായെത്തുന്ന ഇന്‍ഫിനിക്സ് സീറോ 5ജി വിപണിയില്‍ ചലനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.