Connect with us

National

പ്രകോപനപരമായ പ്രസംഗം; അസംഖാന് മൂന്ന് വർഷം തടവ് ശിക്ഷ; നിയമസഭാംഗത്വം റദ്ദാകും

രാംപൂർ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

Published

|

Last Updated

രാംപൂർ | പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) എംഎൽഎയും മുൻ മന്ത്രിയുമായ അസം ഖാനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും ഒടുക്കണം. രാംപൂർ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ അസംഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ അസംഖാന് എതിരെ ചുമത്തിയിരുന്നു. ശിക്ഷ രണ്ടു വർഷത്തിൽ കൂടുതലായതിനാൽ അസം ഖാന്റെ നിയമസഭാംഗത്വം റദ്ദാകും.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി, യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് ഐഎഎസ് ഉദ്യോഗസ്ഥൻ ഔഞ്ജനേയ കുമാർ സിങ് എന്നിവരെ ലക്ഷ്യമിട്ട്  നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അസംഖാന് എതിരെ കേസെടുത്തത്. രാംപൂരിലെ മിലാക് വിധാൻ സഭയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാൻ ആക്ഷേപകരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് പരാതി നൽകിയത്.

ഭൂമി കയ്യേറ്റ കേസിൽ രണ്ടുവർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച അസംഖാൻ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് കഴിഞ്ഞ മെയിലാണ് പുറത്തിറങ്ങിയത്.

2017ൽ ഉത്തർപ്രദേശിൽ ബിജെപി അധികാരമേറ്റതിന് ശേഷം അഴിമതിയും മോഷണവും ഉൾപ്പെടെ 90 ഓളം കേസുകളാണ് അസംഖാന് എതിരെ ചുമത്തിയത്.

Latest