National
പ്രകോപനപരമായ പ്രസംഗം; ബിജെപി നേതാവ് മിഥുൻ ചക്രവർത്തിക്കെതിരെ കേസ്
ഒക്ടോബർ 27ന് നടന്ന പാർട്ടി പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗം.
ന്യൂഡൽഹി | പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ബിജെപി നേതാവും ബോളിവുഡ് നടനും ദാദാ സാഹബ് പുരസ്കാര ജേതാവുമായ മിഥുൻ ചക്രവർത്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബിധാനഗർ പോലീസാണ് എഫ് ഐ ആർ ഫയൽ ചെയ്തത്. കൊൽക്കത്ത സാൾട്ട് ലേക്കിലെ ഇസെഡ് സി സിയിൽ ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണ് കേസിനാധാരം. ഒക്ടോബർ 27ന് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗം.
‘ഞങ്ങളുടെ കൊമ്പിൽ നിന്ന് ഒരു പഴം പറിച്ചാൽ ഞങ്ങൾ നാലെണ്ണം പറിക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമ സ്റ്റൈൽ ഡയലോഗ്. 2026ൽ പശ്ചിമ ബംഗാളിന്റെ സിംഹാസനം തങ്ങളുടെ കൈയിലെത്തുമെന്നും അത് നേടിയെടുക്കാൻ എല്ലാ വഴിയും സ്വീകരിക്കുമെന്നും അദ്ദെഹം പറഞ്ഞിരുന്നു.
മിഥുന്റെ വാക്കുകൾ ക്രമസമാധാനപാലനത്തെ ബാധിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കൗശിക് ഷാഹ എന്ന വ്യക്തിയാണ് പരാതി നൽകിയത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമ നടനുള്ള ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ചതിന് തൊട്ടുിപിന്നാലെയായിരുന്നു വിവാദ പരാമർശം.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും മിഥുൻ ചക്രവർത്തിക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് അയക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ മിഥുൻ ചക്രവർത്തിയിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല.