From the print
പണപ്പെരുപ്പം കുറഞ്ഞു; 3.61%
കഴിഞ്ഞ വര്‍ഷം ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ജനുവരിയില്‍ 4.3 ശതമാനമായിരുന്നു പണപ്പെരുപ്പം

ന്യൂഡല്‍ഹി | ഉപഭോക്തൃ വില സൂചിക (സി പി ഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 3.61 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ജനുവരിയില്‍ 4.3 ശതമാനമായിരുന്നു പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം. ഉപഭോക്തൃ വില സൂചികയുടെ പകുതിയോളം വരുന്ന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ജനുവരിയിലെ 5.97 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 3.75 ശതമാനമായി കുറഞ്ഞു.
അതേസമയം, രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് കേന്ദ്രകണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ പണപ്പെരുപ്പം ഏഴ് മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് കേരളത്തില്‍ വില ഉയര്‍ന്നുനില്‍ക്കുന്നത്. കേരളത്തിലെ പണപ്പെരുപ്പ നിരക്ക് 7.31 ആണ്.
റിസര്‍വ് ബേങ്കിന്റെ ദേശീയതല സഹനപരിധിയായ ആറ് ശതമാനത്തിനും മുകളിലാണ് ഫെബ്രുവരിയില്‍ കേരളത്തിലെ പണപ്പെരുപ്പം. കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് പണപ്പെരുപ്പം ആറിന് മുകളിലുള്ളത്.