inflation
റിസര്‍വ് ബേങ്ക് അനുമാനത്തെ മറികടന്ന് വിലക്കയറ്റം വീണ്ടും ഉയരുമെന്ന് റിപ്പോര്‍ട്ട്
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും റിപോ നിരക്ക് ആറ് ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.
മുംബൈ | റിസര്‍വ് ബേങ്കിന്റെ അനുമാനത്തെ മറികടന്ന് ഉപഭോക്തൃ വില പണപ്പെരുപ്പം ഈ വര്‍ഷം കുതിക്കുമെന്ന് റിപ്പോര്‍ട്ട്. 7.5 ശതമാനം എന്ന നിലയിലേക്കാണ് വിലക്കയറ്റം കുതിക്കുക. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും റിപോ നിരക്ക് ആറ് ശതമാനത്തിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദവര്‍ഷത്തിലും വിലക്കയറ്റം ആറ് ശതമാനമെന്ന ഒരുവിധം സഹിക്കാവുന്ന ഉയര്‍ന്ന പരിധിയെ മറികടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതോടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ധനനയം ഏറെ ക്ലേശിക്കേണ്ടിവരും. മാത്രമല്ല, സാമ്പത്തിക വളര്‍ച്ചയില്‍ ബലികഴിക്കലും വേണ്ടിവരും.
2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് മുതല്‍ ആറ് ശതമാനം വരെ വിലക്കയറ്റമുണ്ടാകുമെന്നായിരുന്നു റിസര്‍വ് ബേങ്കിന്റെ അനുമാനം. ശരാശരിയാകട്ടെ 5.7 ശതമാനവും. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം 6.2 ശതമാനം വിലക്കയറ്റമാണ് ശരാശരി. തുടര്‍ച്ചയായ മൂന്ന് പാദവര്‍ഷത്തിലും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണെങ്കില്‍, തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രത്തോട് റിസര്‍വ് ബേങ്കിന് ആവശ്യപ്പെടാം.