Kerala
വിലക്കയറ്റം രൂക്ഷം; വിപണി ഇടപെടലിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം
കൂട്ടായ ഇടപെടലാണ് വേണ്ടതെന്നും ഭക്ഷ്യധാന്യം പോലും വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം | സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിരുന്നിട്ടും വിപണി ഇടപെടലിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സപ്ലൈകോ അമ്പതാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ സപ്ലൈകോയുടെ അന്തകരായി മാറിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
റോജി എം ജോണ്‍ എംഎല്‍എയാണ് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണെന്നും റോജി എം ജോണ്‍ വ്യക്തമാക്കി. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റെയും വില ക്രമാതീതമായി കൂടി. മത്തിയുടെ വില 300 രൂപയായി.85രൂപക്ക് കെ-ചിക്കന്‍ നല്‍കുമെന്ന് പറഞ്ഞ മന്ത്രിയുണ്ട്. എന്നാല്‍ 85രൂപക്ക് ചിക്കന്‍ കാല്‍ പോലും ലഭിക്കാത്ത അവസ്ഥയാണെന്നും റോജി എം ജോണ്‍ പറഞ്ഞു.
അതേസമയം വിലക്കയറ്റം ദേശീയ വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ വഴി വിലക്കയറ്റത്തിന്റെ തോത് കുറവാണെന്നും ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവ് കേരളത്തിലുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി വിപണി ഇടപെടലിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
കൂട്ടായ ഇടപെടലാണ് വേണ്ടതെന്നും ഭക്ഷ്യധാന്യം പോലും വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസമാണ്. സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നില്ല.വിപണിയില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.