Connect with us

Business

രാജ്യത്ത് പണപ്പെരുപ്പം കുതിക്കുന്നു; പച്ചക്കറികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വില കുറഞ്ഞു; ഇന്ധനത്തിന് കൂടി

ക്രൂഡ്, പെട്രോളിയം ഉല്‍പന്നങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 55.17 ശതമാനത്തില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 83.56 ശതമാനമായി.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് മൊത്തവിലപ്പെരുപ്പം 14.55 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മാസത്തില്‍ ഇത് 13.11 എന്ന നിരക്കിലായിരുന്ന പണപ്പെരുപ്പമാണ് മാര്‍ച്ചില്‍ 14.55 ആയി ഉയര്‍ന്നത്. റഷ്യ- ഉക്രൈന്‍ യുദ്ധമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ച്ച് മാസത്തില്‍ പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തില്‍ കുറവുണ്ടായെങ്കിലും ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലയില്‍ വന്‍ വര്‍ധനവുണ്ടായി. ഫെബ്രുവരിയില്‍ പച്ചക്കറി വില 26.93 ശതമാനമായിരുന്നെങ്കില്‍ മാര്‍ച്ചില്‍ 19.88 ശതമാനമായി കുറഞ്ഞു. മറ്റ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ തോത് 8.19ല്‍ നിന്ന് 8.06 ആയും കുറഞ്ഞു. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും പണപ്പെരുപ്പം ഫെബ്രുവരിയിലെ 31.50 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 34.52 ശതമാനമായി ഉയര്‍ന്നു.

ക്രൂഡ്, പെട്രോളിയം ഉല്‍പന്നങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ
55.17 ശതമാനത്തില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് 83.56 ശതമാനമായി. മറ്റ് മേഖലകളില്‍, പ്രൈമറി സാധനങ്ങളുടെ പണപ്പെരുപ്പ നിരക്ക് 13.39ല്‍ നിന്ന് 15.54 ശതമാനമായും നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ നിരക്ക് 9.84 ല്‍ നിന്ന് 10.71 ശതമാനമായും ചരക്ക് സൂചിക 2.69 ശതമാനമായും വര്‍ധിച്ചു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്ത പണപ്പെരുപ്പ നിരക്ക് നേരത്തെ കണക്കാക്കിയതിനേക്കാള്‍ കൂടുതലാണ്. ഇത് 13.30 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍, മാസാമാസം, രാജ്യത്തെ പൊതുസമൂഹം തിരിച്ചടി നേരിടുകയാണ്. മൊത്തവിലപ്പെരുപ്പത്തിന്റെ കണക്ക് കഴിഞ്ഞ 12 മാസമായി ഇരട്ട അക്കത്തില്‍ തുടരുന്നതാണ് സ്ഥിതി. ഇതോടൊപ്പം, മാര്‍ച്ച് മാസത്തിലെ മൊത്ത പണപ്പെരുപ്പത്തിന്റെ തോത് കഴിഞ്ഞ നാല് മാസത്തെ അല്ലെങ്കില്‍ 2021 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

റഷ്യയും ഉക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2022 മാര്‍ച്ചില്‍ റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം മൂലം ഉണ്ടായ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

റീട്ടെയില്‍ പണപ്പെരുപ്പം 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ഇത് 6.07 ശതമാനമായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ തുടരുന്നത്. നേരത്തെ 2020 ഒക്ടോബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.61 ശതമാനമായിരുന്നു.

 

Latest